'കൊളംബോയില്‍ അടിക്കുന്ന സിക്സര്‍ മദ്രാസില്‍ വീഴും, പാകിസ്ഥാന്‍ നാണംകെടും'; പരിഹസിച്ച് മുന്‍ താരം

Published : Jan 26, 2026, 02:00 PM IST
pakistan cricket team

Synopsis

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 

ചെന്നൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം കാഴ്ചവെക്കുന്ന അവിശ്വസനീയ പ്രകടനത്തില്‍ വിസ്മയം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ ജയിച്ചതിന് പിന്നാലെയാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് ലക്ഷ്യം വെറും 10 ഓവറിലാണ് ഇന്ത്യ മറികടന്നത്. അഭിഷേക് ശര്‍മ (20 പന്തില്‍ 68), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് പാകിസ്ഥാനെ പരിഹസിക്കാനും ശ്രീകാന്ത് മറന്നില്ല. സൂര്യകുമാര്‍ യാദവിനും സംഘത്തിനും മുന്നില്‍ ലോകത്തെ ഏത് ടീമും ഭയക്കുമെന്നും, തല്ലുവാങ്ങാന്‍ നില്‍ക്കാതെ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പാകിസ്ഥാന് നല്ലതെന്നും ശ്രീകാന്ത് പരിഹസിച്ചു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞതിങ്ങനെ... ''ഹേയ് പാകിസ്ഥാന്‍, നിങ്ങള്‍ ലോകകപ്പിന് വരണ്ട. നിങ്ങളുടെ മൊഹ്‌സിന്‍ നഖ്വി ബഹിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ, അത് തന്നെയാവും നല്ലത്. ഇവിടെ വന്നാല്‍ നിങ്ങള്‍ ക്രൂരമായി തല്ലുവാങ്ങും. കൊളംബോയില്‍ അടിക്കുന്ന സിക്സര്‍ മദ്രാസില്‍ പോയി വീഴും. അതുകൊണ്ട് സൂക്ഷിക്കുക. എന്തെങ്കിലും ഒരു ഒഴികഴിവ് പറഞ്ഞ് മാറിനില്‍ക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.'' അദ്ദേഹം പരിഹസിച്ചു.

ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗ് പ്രകടനം ലോകത്തെ എല്ലാ ടീമുകള്‍ക്കും ഒരു അപായ സൂചനയാണെന്നും ഇത്തരമൊരു ബാറ്റിംഗ് വിരുന്ന് താന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ വരുമോ?

ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ഔദ്യോഗികമായി സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസം അവര്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയാണ് ഐസിസി ലോകകപ്പ് ഗ്രൂപ്പുകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 7നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അന്ന് മുംബൈയില്‍ വെച്ച് യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എക്സ്പ്രസ് ഹൈവേയിൽ ഫെറാറിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട സൈക്കിൾ'; സഞ്ജുവിനെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
'സഞ്ജു സാംസണാണ് ഇപ്പോള്‍ ടീമിലെ ദുര്‍ബല കണ്ണി'; ടി20 ലോകകപ്പിച്ച് മുമ്പ് ഓര്‍മിപ്പിച്ച് ഹര്‍ഷ ഭോഗ്‌ലെ