ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവ് വൈകും; കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

By Web TeamFirst Published Sep 20, 2022, 7:02 PM IST
Highlights

മൊഹാലിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ വിക്കറ്റിന് പിന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.

മൊഹാലി: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്ന് തുടങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്നത് പേസര്‍ ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവിനാണ്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ബുമ്രയുടെ അഭാവം നന്നായി ബാധിക്കുകയും ചെയ്തു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ബുമ്ര. ഹര്‍ഷല്‍ പട്ടേലും ബുമ്രയ്‌ക്കൊപ്പം അക്കാദമിയിലുണ്ടായിരുന്നു. ഇരുവരും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ ബുമ്രയുടെ പേരില്ല. ഹര്‍ഷലാണ് കളിക്കുന്നത്. മറ്റു രണ്ട് പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരും ടീമിലുണ്ട്. 

എന്തുകൊണ്ടാണ് ബുമ്ര പുറത്തായതെന്ന് അന്വേഷിക്കുമ്പോള്‍ മറുപടി പറയുകയാണ് രോഹിത് ശര്‍മ. പരിക്കാണെന്നാണ് രോഹിത് പറയുന്നത്. ടോസ് സമയത്ത് രോഹിത് പറഞ്ഞതിങ്ങനെ... ''എല്ലാ മത്സരങ്ങളില്‍ നിന്നും ചിലതെങ്കിലും പഠിക്കാനുണ്ടാവും. സ്വന്തം കഴിവുകള്‍ മനസിലാക്കാനുള്ള അവസരമാണിത്. അവസാന ആറോ എട്ടോ മാസങ്ങള്‍ക്കിടെ എങ്ങനെ മത്സരം ജയിക്കാമെന്ന് ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ പരമ്പരയും അതില്‍ നിന്ന് വ്യത്യസ്ഥമല്ല. 

ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, റിഷഭ് പന്ത് പുറത്ത്, ഓസീസ് ടീമില്‍ ടിം ഡേവിഡിന് അരങ്ങേറ്റം

ഏഷ്യാ കപ്പില്‍ എന്ത് സംഭവിച്ചുവെന്ന് എല്ലാവരും കണ്ടതാണ്. അതില്‍ നിന്ന് വ്യത്യസ്ഥമായൊരു ഫലമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടിയാണിത്. ഞങ്ങളുടെ സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ ചില പരിക്കുകളുണ്ട. ജസ്പ്രിത് ബുമ്ര ഇന്ന് കളിക്കുന്നില്ല. രണ്ടും മൂന്നും മത്സരങ്ങളില്‍ ബുമ്ര തിരിച്ചെത്തും. റിഷഭ് പന്തും പ്ലയിംഗ് ഇലവനിലില്ല. സ്പിന്നര്‍മാരായി അക്‌സര്‍ പട്ടേലും യൂസ്‌വേന്ദ്ര ചാഹലും കളിക്കുന്നു.'' രോഹിത് ശര്‍മ പറഞ്ഞു.

മൊഹാലിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ വിക്കറ്റിന് പിന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു ഓള്‍റൗണ്ടര്‍.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ഗാംഗുലിയുടെ ഭാവി അടുത്തമാസം അറിയാം, വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.

click me!