ഏകദിന ടീമില്‍ മടങ്ങിയെത്തണം, ലോകകപ്പ് കളിക്കണം; കാരണം വ്യക്തമാക്കി ഇശാന്ത് ശര്‍മ്മ

By Web TeamFirst Published Aug 5, 2020, 2:29 PM IST
Highlights

'ഏകദിന ലോകകപ്പ് കളിക്കാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ട്. ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാകണം എന്നാണ് സത്യത്തില്‍ ആഗ്രഹം'. 

ബെംഗളൂരു: ഏകദിന ടീമില്‍ മടങ്ങിയെത്തുകയും ലോകകപ്പ് നേടണമെന്നും തുറന്നുപറഞ്ഞ് ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍നിര ബൗളറെങ്കിലും 2016 ജനുവരിക്ക് ശേഷം ഏകദിനത്തില്‍ താരം കളിച്ചിട്ടില്ല. 

'ഏകദിന ലോകകപ്പ് കളിക്കാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ട്. ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാകണം എന്നാണ് സത്യത്തില്‍ ആഗ്രഹം. അതൊരു പ്രത്യേക അനുഭൂതിയാണ്. ലോകകപ്പിന് തത്തുല്യമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നമ്മള്‍ കളിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരും ചാമ്പ്യന്‍ഷിപ്പ് പിന്തുടരുന്നില്ല എന്നതോര്‍ക്കുക. ഏകദിന ലോകകപ്പ് അങ്ങനെയല്ല, ഒട്ടേറെപ്പേര്‍ ഫോളോ ചെയ്യുന്നതാണ്' എന്നും ഇശാന്ത് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

ടീം ഇന്ത്യക്കായി 80 ഏകദിനങ്ങള്‍ കളിച്ച ഇശാന്ത് 30.98 ശരാശരിയില്‍ 115 വിക്കറ്റ് നേടിയിട്ടുണ്ട്. അതേസമയം 97 ടെസ്റ്റുകളില്‍ കുപ്പായമണിഞ്ഞ ഇശാന്തിന് മൂന്ന് വിക്കറ്റുകള്‍ കൂടി ലഭിച്ചാല്‍ 300 ടെസ്റ്റ് വിക്കറ്റ് തികയ്‌ക്കാം. സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്ലിലാണ് ഇശാന്ത് ഇനി കളിക്കുക. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമാണ് 31കാരനായ ഇശാന്ത്. നവംബര്‍ 10 വരെയാണ് ടൂര്‍ണമെന്‍റ് അരങ്ങേറുന്നത്. 

ഇംഗ്ലണ്ടില്‍ വീണ്ടും ടെസ്റ്റാരവം; പാകിസ്ഥാനെതിരായ ആദ്യ മത്സരം ഇന്ന് മുതല്‍

അയര്‍ലന്‍ഡ് അടിച്ചുവീഴ്‌ത്തിയതില്‍ സ്വന്തം റെക്കോര്‍ഡും; അന്നത്തെ മത്സരം ഇന്ത്യയില്‍, നേടിയത് സമാന സ്‌കോര്‍!

click me!