സതാംപ്‌ടണ്‍: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ അയര്‍ലന്‍ഡ് കുറിച്ച അട്ടിമറി ജയത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ഏകദിന ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡ് ജയിക്കുന്നത്. ആദ്യ ജയം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വച്ചായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ബെംഗളൂരുവില്‍ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് വിജയിച്ചു. ഇപ്പോഴാകട്ടെ ജയം 329 റണ്‍സ് ലക്ഷ്യം അടിച്ചെടുത്തും. 

ഏകദിനത്തില്‍ അയര്‍ലന്‍ഡിന്‍റെ ഉയര്‍ന്ന ചേസിംഗ് ജയം കൂടിയാണ് സതാംപ്‌ടണില്‍ പിറന്നത്. തകര്‍ന്നത് ബെംഗളൂരുവിലെ 2011ലെ റെക്കോര്‍ഡ്. അന്ന് 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം 329 റണ്‍സുതന്നെ സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചാണ് മത്സരം അവസാനിപ്പിച്ചത് എന്നത് മറ്റൊരു യാഥര്‍ശ്ചികത. മൂന്ന് വിക്കറ്റിനായിരുന്നു ജയം. ജയിച്ചതാവട്ടെ സമാനമായി അവസാന ഓവറിലും. സെഞ്ചുറി നേടിയ കെവിന്‍ ഒബ്രൈനാണ്(113) ഇംഗ്ലണ്ടിന്‍റെ വിജയശില്‍പിയായത്. 2011ല്‍ തന്നെ കൊല്‍ക്കത്തയില്‍ നെതര്‍ലന്‍ഡ്‌സിന് എതിരെ 307 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുത്തതാണ് മൂന്നാമത്തെ ഉയര്‍ന്ന ചേസിംഗ് ജയം.

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് തകര്‍ത്തത് ദാദപ്പടയുടെ 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്!

അവസാന ഓവര്‍ ത്രില്ലറിലേക്കെത്തിയ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിനാണ് അയര്‍ലന്‍ഡിന്‍റെ ജയം. 329 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ അയർലൻഡ് സ്വന്തമാക്കി. ഓപ്പണര്‍ പോൾ സ്റ്റിർലിങും(128 പന്തില്‍ 142), നായകന്‍ ആൻഡ്ര്യു ബാൽബിർനിയും(112 പന്തില്‍ 113) നേടിയ സെഞ്ചുറിയാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്. ഇരുവരും 214 റണ്‍സ് ചേര്‍ത്തതോടെ അയര്‍ലന്‍ഡ് റെക്കോര്‍ഡ് ജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ സെഞ്ചുറി ഇംഗ്ലണ്ടിന് പാഴായി. 84 പന്തിൽ 106 റൺസെടുത്ത മോർഗൻറെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. പന്തും ബാറ്റുമായി തിളങ്ങിയ ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയാണ് പരമ്പരയിലെ താരം. തകർപ്പൻ ശതകവുമായി സ്റ്റിർലിങ് മാൻ ഓഫ് ദ മാച്ചുമായി.  

ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി അയര്‍ലന്‍ഡിന്‍റെ അട്ടിമറി; ജയം അവസാന ഓവറില്‍