
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ വട്ടം പ്രഥമ ഫൈനലില്‍ കിവികള്‍ക്ക് മുന്നില്‍ കാലിടറി വീണ ഇന്ത്യക്ക് ഇത്തവണ കിരീടമുയര്‍ത്തിയേ മതിയാകൂ. അതിനാല്‍ തന്നെ ഐപിഎല്‍ തിരക്കുകള്‍ക്കിടയിലും ഫൈനലിന് വേണ്ട ഒരുക്കങ്ങള്‍ നടത്താനുള്ള പദ്ധതിയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലെ പ്രധാന താരങ്ങളെല്ലാം ഐപിഎല്ലില്‍ വിവിധ ടീമുകളുടെ മുഖ്യ താരങ്ങള്‍ കൂടിയായതിനാല്‍ ഐപിഎല്‍ സമയത്ത് വര്‍ക്ക് ലോഡ് ക്രമീകരണം ബിസിസിഐ നിരീക്ഷിക്കും. താരങ്ങള്‍ക്ക് പരിക്ക് പറ്റാതിരിക്കാന്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണവുമുണ്ടാകും. ഫൈനല്‍ കളിക്കുന്ന താരങ്ങളുമായി നിരന്തരം ആശയവിനിമയമുണ്ടാകുമെന്നും വര്‍ക്ക് ലോഡ് നിരീക്ഷിക്കുമെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തന്നെയാണ് വ്യക്തമാക്കിയത്. ഇതിന് പുറമെ ഐപിഎല്ലിനിടെ പരിശീലനം നടത്താന്‍ പേസര്‍മാര്‍ക്ക് ഡ്യൂക്ക് ബോളുകള്‍ അയക്കാനും പദ്ധതിയുണ്ട്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പ്രധാന പേസമാര്‍. ഐപിഎല്ലിനിടെ സമയം കിട്ടിയാല്‍ ഡ്യൂക്ക് ബോളില്‍ പരിശീലനം നടത്താനാണ് നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബൗളര്‍മാര്‍ക്കെടുക്കാം. 'നിലവിലെ ടീമിലെ ഒന്നോ രണ്ടോ പേരൊഴികെയുള്ള എല്ലാ താരങ്ങളും ഇംഗ്ലണ്ടില്‍ മുമ്പ് കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ സാഹചര്യം വലിയ വെല്ലുവിളിയാവില്ല. എങ്കിലും തയ്യാറെടുപ്പുകള്‍ ഫൈനലില്‍ വലിയ കാര്യമാണ് എന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. മെയ് 21ന് ഐപിഎല്‍ ഗ്രൂപ്പ് ഘട്ടം കഴിയുന്നതോടെ പുറത്താവുന്ന ടീമുകളിലെ ടെസ്റ്റ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കും. നേരത്തെയെത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടിയാണ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് വന്‍ നീക്കവുമായി ഇന്ത്യ; പദ്ധതി വെളിപ്പെടുത്തി രോഹിത് ശർമ്മ