'പരാതിയില്ല, എവിടേയും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്'; ബാറ്റിംഗ് പൊസിഷനെ കുറിച്ച് സഞ്ജു സാംസണ്‍

Published : Oct 29, 2025, 05:53 PM IST
Sanju Samson

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ താൻ തയ്യാറാണെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. മുൻനിരയിലും മധ്യനിരയിലും ഫിനിഷറായുമെല്ലാം കളിച്ച് പരിചയസമ്പത്തുണ്ടെന്നും സാഹചര്യത്തിനനുസരിച്ച് സംഭാവന നൽകാൻ സാധിക്കുമെന്നും സഞ്ജു പറഞ്ഞു. 

കാന്‍ബറ: ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20 മത്സരത്തിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു സഞ്ജു. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരുന്നില്ല. ഗില്‍ വരുന്നതിന് മുമ്പ് ഓപ്പണറായിരുന്നു സഞ്ജു. ഓപ്പണറായി മൂന്ന് സെഞ്ചുറികളും സഞ്ജു സ്വന്തമാക്കി. എന്നാല്‍ വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തിയോടെ സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു.

ഏഷ്യാ കപ്പില്‍ മധ്യനിരയിലാണ് സഞ്ജു കളിച്ചത്. ഇപ്പോള്‍ തന്റെ പൊസിഷനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. ''ഞാന്‍ മുമ്പ വിവിധ ടീമുകള്‍ക്ക് വേണ്ടി വിവിധ ബാറ്റിംഗി പൊസിഷനുകളില്‍ കളിച്ചിട്ടുണ്ട്. ഒരുപാട് വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. വ്യത്യസ്ഥ റോളുകളില്‍ ഞാന്‍ കൡച്ചു. മുന്‍ നിരയിലും ഫിനിഷറായും മധ്യനിരയിലുമെല്ലാം കളിച്ചുള്ള പരിചയമുണ്ട്. എനിക്ക് പരിചയസമ്പത്തുണ്ടെന്നാണ് വിശ്വാസം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ പാകത്തിലുള്ള ഷോട്ടുകള്‍ കൈവശമുണ്ട്. സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റിംഗ് പൊസിഷന്‍ മാറുന്നത്. എവിടെയും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്. അവിടെയെല്ലാം സംഭാവന ചെയ്യാന്‍ സാധിക്കും.'' സഞ്ജു പറഞ്ഞു.

വരാനിരിക്കുന്ന ടി20 ലോകകപ്പിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന മൂന്ന് പരമ്പരകളെ കുറിച്ച് ഞങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ഒരു സമയത്ത് ഒരു ഗെയിമില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്.'' സഞ്ജു വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ സഞ്ജു പറഞ്ഞതിങ്ങനെ... ''ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ കളിക്കുകയെന്നുള്ളത് കടുത്ത വെല്ലുവിളിയാണ്. താരങ്ങള്‍ പരീക്ഷിക്കപ്പെടും. അതുതന്നെയാണ് വേണ്ടത്. മാനസികമായും ശാരീരികമായും കരുത്തനായിരിക്കാന്‍ ഈ പരമ്പര ഉപകരിക്കും.'' സഞ്ജു കൂട്ടിചേര്‍ത്തു.

അതേസമയം, ഓസ്‌ട്രേലിയ - ഇന്ത്യ ഒന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറ, മനുക ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 എന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. തുടര്‍ന്ന് തോരാമഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 37) എന്നിവരായിരുന്നു ക്രീസില്‍. അഭിഷേക് ശര്‍മയുടെ (14 പന്തില്‍ 19) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നതാന്‍ എല്ലിസിലാണ് വിക്കറ്റ്. നേരത്തെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജുവിനെ എന്തുകൊണ്ട് ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റി, മറുപടി നല്‍കി സൂര്യകുമാര്‍ യാദവ്
ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം