Latest Videos

കൊവിഡ് ആശങ്ക അകറ്റാന്‍ സ്മാര്‍ട്ട് റിംഗുമായി മുംബൈ ഇന്ത്യന്‍സ്

By Web TeamFirst Published Sep 5, 2020, 6:10 PM IST
Highlights

അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎ(നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍)യിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നല്‍കിയതിന് സമാനമായ സ്മാര്‍ട്ട് റിംഗാണ് മുംബൈ ക്യാംപിലും നല്‍കിയിരിക്കുന്നത്.

മുംബൈ: ഐപിഎല്ലിന് മുന്നോടിയായി കൊവിഡ് ആശങ്ക അകറ്റാന്‍ സ്മാര്‍ട്ട് റിംഗുമായി മുംബൈ ഇന്ത്യന്‍സ്. കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയുമടക്കം ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയുന്ന മുഴുവന്‍ ടീം അംഗങ്ങളെയും സ്മാര്‍ട്ട് റിംഗ് ധരിപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കൊവിഡിനെ പ്രതിരോധിക്കാനിറങ്ങുന്നത്. സ്മാര്‍ട് റിംഗ് ധരിച്ചവരുടെ ഹൃദയമിടിപ്പ്, ഹൃദയമിടിപ്പിലെ വ്യതിയാനം, ശ്വാസോച്ഛാസ നിരക്ക്, ശരീര താപനില പള്‍സ് റേറ്റ്, എന്നിവയടക്കം നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് റിംഗിന് കഴിയും.

ഇത് അപ്പപ്പോള്‍ വിലയിരുത്താനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎ(നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍)യിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നല്‍കിയതിന് സമാനമായ സ്മാര്‍ട്ട് റിംഗാണ് മുംബൈ ക്യാംപിലും നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ബിസിസിഐ തന്നെ ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള സമ്പര്‍ക്ക സംവിധാനവും കളിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്ലിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെ രണ്ട് കളിക്കാര്‍ക്ക് ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ടീമുകള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്താനുള്ള തീരുമാനവുമായി മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തിയിരിക്കുന്നത്.

click me!