ഐപിഎല്‍: പരിക്കേറ്റ ആര്‍ച്ചറെ എത്തിക്കാന്‍ രണ്ടുംകല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്; നിര്‍ണായക നീക്കം

By Web TeamFirst Published Feb 6, 2020, 7:02 PM IST
Highlights

ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്‌ടമാകുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തെ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാന്‍ പ്രാപ്തമാക്കാന്‍ നിര്‍ണായക നീക്കവുമായി രാജസ്ഥാന്‍ റോയല്‍സ്

ജയ്‌പൂര്‍: ഐപിഎല്‍ 2020 സീസണിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടിയാണ് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പരിക്ക്. ആര്‍ച്ചര്‍ക്ക് ശ്രീലങ്കന്‍ പര്യടനവും ഐപിഎല്ലും നഷ്‌ടമാകുമെന്ന് ഇംഗ്ലീഷ് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആര്‍ച്ചര്‍ കളിക്കാനെത്തും എന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ക്ലബ്. 

ജോഫ്ര ആര്‍ച്ചര്‍ വേഗം സുഖംപ്രാപിക്കുന്നതിനായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. ഈ സീസണില്‍ റോയല്‍സ് കുപ്പായത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലബ് വ്യക്തമാക്കി. 

We’re working with the ECB to help secure a speedy recovery, and still hope to see him in a Royals jersey this season. pic.twitter.com/zZB6WFsQ5y

— Rajasthan Royals (@rajasthanroyals)

വലതുകൈക്കുഴയ്‌ക്ക് പരിക്കേറ്റ ആര്‍ച്ചര്‍ സ്‌കാനിംഗിന് വിധേയനായതായി ഇംഗ്ലീഷ് ബോര്‍ഡ് അറിയിച്ചിരുന്നു. 'ആര്‍ച്ചര്‍ക്ക് ഐപിഎല്ലും ലങ്കന്‍ പര്യടനവും നഷ്‌ടമാകും. ഇംഗ്ലീഷ് ടീമിന്‍റെ മെഡിക്കല്‍ സംഘത്തിനൊപ്പം ആര്‍ച്ചര്‍ ചികിത്സ തുടരും. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ' ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിശ്വസ്‌തനായ ഡെത്ത് ഓവര്‍ ബൗളറാണ് ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2018ല്‍ അരങ്ങേറിയ താരം ആ വര്‍ഷം 15 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ 11 വിക്കറ്റും രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ നേടി. രണ്ട് സീസണുകളിലുമായി 82 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.  
മാര്‍ച്ച് 23നാണ് ഐപിഎല്‍ 13-ാം സീസണിന് തുടക്കമാകുന്നത്. മെയ് 24നാണ് ഫൈനല്‍. 

Read more: സൂപ്പര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്; ഐപിഎല്ലിന് മുന്‍പ് രാജസ്ഥാന് തിരിച്ചടി
 

click me!