ഹര്‍ദിക് പാണ്ഡ്യക്ക് ഈ ഐപിഎല്‍ സ്വപ്‌നതുല്യം; ഒരുപിടി നേട്ടങ്ങള്‍ക്കരികെ

By Web TeamFirst Published Apr 8, 2021, 12:03 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാലാം സീസണില്‍ ഒരുപിടി നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഹര്‍ദിക്കിന് അവസരമുണ്ട്. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് വളരെയേറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ബാറ്റും പന്തും ഫീല്‍ഡിംഗും കൊണ്ട് മത്സരം മാറ്റിമറിക്കാന്‍ കഴിവുണ്ട് പാണ്ഡ്യക്ക്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുംബൈ ഇന്ത്യന്‍സ് നാളെ നേരിടുമ്പോള്‍ ഒരുപിടി നേട്ടങ്ങള്‍ക്ക് അരികെയാണ് താരം. 

ഐപിഎല്ലില്‍ 100 ഫോറുകള്‍ എന്ന നേട്ടത്തിലേക്ക് 14 എണ്ണത്തിന്‍റെ അകലമേയൂള്ളൂ ഹര്‍ദിക്ക് പാണ്ഡ്യക്ക്. ഏഴ് സിക്‌സറുകള്‍ കൂടി പറത്തിയാല്‍ 100 സിക്‌സറുകളുടെ ക്ലബിലുമെത്താം. ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും ബൗളിംഗിലും പാണ്ഡ്യയെ കാത്ത് നാഴികക്കല്ലുകളുണ്ട്. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 50 ക്യാച്ചുകള്‍ തികയ്‌ക്കാമെങ്കില്‍ 11 ക്യാച്ചുകള്‍ നേടിയാല്‍ എല്ലാ ടി20യിലുമായി 100 ക്യാച്ച് പൂര്‍ത്തിയാക്കാനും കഴിയും. ഐപിഎല്ലില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ എട്ട് പേരെ കൂടി പുറത്താക്കിയാല്‍ മതിയെന്നതാണ് മറ്റൊന്ന്. 

ഈ സീസണില്‍ തന്നെ ഇവയില്‍ മിക്ക നാഴികക്കല്ലുകളും ഹര്‍ദിക്ക് പാണ്ഡ്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. അതേസമയം നാളെ ആര്‍സിബിയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ പാണ്ഡ്യക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു കണക്കുമുണ്ട്. കോലിപ്പടയ്‌ക്കെതിരെ 10 ഇന്നിംഗ്‌സിലേറെ ബാറ്റ് ചെയ്ത 42 താരങ്ങളില്‍ മികച്ച രണ്ടാമത്തെ ശരാശരി ഹര്‍ദിക്കിന്‍റേതാണ്. ഇതുവരെ 11 ഇന്നിംഗ്‌സുകളില്‍ നിന്ന് 54.25 ശരാശരിയില്‍ 217 റണ്‍സാണ് താരം അടിച്ചത്. 12 ഇന്നിംഗ്‌സില്‍ 60.86 ശരാശരിയില്‍ 426 റണ്‍സ് നേടിയിട്ടുള്ള ജെപി ഡുമിനിയാണ് മുന്നില്‍. 

ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യും. കഴിഞ്ഞ ഐപിഎല്ലിലും ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും താരം പന്തെറിഞ്ഞില്ല. പരിക്കിന് ശേഷമുള്ള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് പുനരാരംഭിച്ചത്.  അടുത്തിടെ ഇംഗ്ലണ്ടിനെതിരെ അവസാനിച്ച ടി20 പരമ്പരയില്‍ 17 ഓവര്‍ എറിഞ്ഞ പാണ്ഡ്യ 6.94 ഇക്കോണമിയില്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു.  

ക്വാറന്‍റീന്‍ പൂർത്തിയായത് മൂൺവാക്ക് സ്റ്റൈലിൽ ആഘോഷിച്ച് ഗെയ്‌ല്‍; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ പ്രവചനങ്ങളുടെ കുത്തൊഴുക്ക്; സിഎസ്‌കെ കിരീടം നേടില്ലെന്ന് മുന്‍താരങ്ങളുടെ നിര

click me!