ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണയും കിരീടം നേടില്ലെന്ന് മുൻതാരങ്ങൾ. ഗൗതം ഗംഭീർ, ആകാശ് ചോപ്ര, സഞ്ജയ് മഞ്ചരേക്ക‍ർ എന്നിവരാണ് സിഎസ്‌കെ ഇത്തവണ കിരീടം നേടില്ലെന്ന് പ്രവചിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ധോണിയും സംഘവും പ്ലേ ഓഫിൽ എത്താതിരുന്നതും കഴിഞ്ഞ വർഷമായിരുന്നു. വയസ്സൻ പടയെന്ന വിമർശനം ഏറ്റുവാങ്ങിയ ധോണിപ്പട എട്ട് ടീമുകളുള്ള ഐപിഎല്ലിൽ ഏഴാം സ്ഥാനത്തേക്ക് വീണു. ഇത്തവണയും ഇതിന് മാറ്റമുണ്ടാവില്ലെന്ന് പ്രവചിക്കുകയാണ് മുൻതാരങ്ങളായ ഗൗതം ഗംഭീറും സഞ്ജയ് മഞ്ചരേക്കറും ആകാശ് ചോപ്രയും.

മികച്ച പേസ് ബൗളർമാരില്ലാത്ത സിഎസ്‌കെ പ്ലേ ഓഫിൽ ഇടംപിടിക്കാതെ പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനത്തേ എത്തൂ എന്നും ഗംഭീർ പ്രവചിക്കുന്നു. ഡെത്ത് ഓവറുകളിൽ മികച്ച ബൗളർമാരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്ര സിഎസ്‌കെയുടെ സാധ്യതകൾ അടയ്‌ക്കുന്നത്. കൂറ്റൻ സ്‌കോർ നേടാനും ഉയ‍ർന്ന സ്‌കോർ നേടാനും ധോണിക്കും സംഘത്തിനും ഇത്തവണ കഴിയില്ലെന്നാണ് മഞ്ചരേക്കറുടെ വിലയിരുത്തൽ. എന്നാൽ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്നാണ് ഇയാൻ ബിഷപ്പിന്റെ പ്രവചനം.

കൊവിഡ് ആശങ്കകൾക്കിടയിൽ ഐപിഎൽ പതിനാലാം സീസണ് നാളെ ചെന്നൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വിരാട് കോലി-രോഹിത് ശര്‍മ്മ നേര്‍ക്കുനേര്‍ പോരാട്ടമാണിത്. വൈകിട്ട് ഏഴരയ്‌ക്ക് മത്സരം തുടങ്ങും.  

ഇനി ഐപിഎല്‍ പൂരനാളുകള്‍; കൊവിഡ് വഴിമുടക്കില്ലെന്ന് പ്രതീക്ഷ, ആദ്യ പോരാട്ടം മുംബൈയും ബാംഗ്ലൂരും തമ്മില്‍