
മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്(LSG vs RCB) പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും മനീഷ് പാണ്ഡെയുടെയും വിക്കറ്റുകളാണ് പവര്‍ പ്ലേയില്‍ ലഖ്നൗവിന് നഷ്ടമായത്. ജോഷ് ഹേസല്‍വുഡിനാണ് രണ്ട് വിക്കറ്റ്. ബാംഗ്ലൂരിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലഖ്നൗ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്. 21 പന്തില്‍ 26 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും എട്ട് പന്തില്‍ 14 റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യയും ക്രീസില്‍.
കരുതലോടെ തുടങ്ങി
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ രണ്ട് ബൗണ്ടറി അടിച്ചാണ് കെ എല്‍ രാഹുല്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സടിച്ച ലഖ്നൗവിന് പക്ഷെ ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടാനായുള്ളു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ മൂന്നാം ഓവറില്‍ ഡി കോക്കിനെ(3) നഷ്ടമായ ലഖ്നൗവിന് നേടാനായത് മൂന്ന് റണ്‍സ് മാത്രം.
ഷഹബാസ് അഹമ്മദ് എറിഞ്ഞ നാലാം ഓവറില്‍ ഏഴ് റണ്‍സടിച്ചെങ്കിലും ഹേസല്‍വുഡ് എറിഞ്ഞ അഞ്ചാം ഓവറില്‍ മനീഷ് പാണ്ഡെയും(6) ലഖ്നൗവിന് നഷ്ടമായി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച് ലഖ്നൗ തുടക്കം ഭേദപ്പെട്ടതാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു.
തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്കോറിലെത്തിയത്. ഫാഫ് ഡൂപ്ലെസി 64 പന്തില്‍ 96 റണ്‍സെടുത്തപ്പോള്‍ ഷഹബാസ് അഹമ്മദും(26) ഗ്ലെന്‍ മാക്സ്‌വെല്ലും(23) ഡൂപ്ലെസിക്ക് മികച്ച പിന്തുണ നല്‍കി. ലഖ്നൗവിനായി ദുഷ്മന്ത് ചമീര രണ്ട് വിക്കറ്റെടുത്തു.
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി(0)യെയും നഷ്ടമായി. ചമീരയുടെ ഇരട്ടപ്രഹരത്തില്‍ ഞെട്ടിയ ബാംഗ്ലൂരിന് പവര്‍ പ്ലേ പിന്നിടും മുമ്പെ തകര്‍പ്പന്‍ തുടക്കമിട്ട ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(11 പന്തില്‍ 23) നഷ്ടമായി.
പവര്‍പ്ലേക്ക് പിന്നാലെ സുയാഷ് പ്രഭുദേശായിയെ(10) കൂടി നഷ്ടമായതോടെ 62-4 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിനെ ഡൂപ്ലെസിയും ഷഹബാസും ചേര്‍ന്നാണ് 100 കടത്തിയത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി അവസാന ഓവറില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് നാലു റണ്‍സകലെ ഹോള്‍ഡറുടെ പന്തില്‍ സ്റ്റോയ്നിസിന് ക്യാച്ച് നല്‍കി ഡൂപ്ലെസി മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!