ഐപിഎല്‍ അരങ്ങേറ്റ ഓവറില്‍ 10 പന്തും 22 റണ്‍സും, വൈഡ്- നോബോള്‍ പൂരം; നാണംകെട്ട് ഷെമാര്‍ ജോസഫ്

By Web TeamFirst Published Apr 14, 2024, 6:17 PM IST
Highlights

എറിഞ്ഞിട്ടും എറിഞ്ഞിട്ടും തീരുന്നില്ല, ഷെമാര്‍ ജോസഫ് ആറാം പന്ത് പൂര്‍ത്തിയാക്കാനെടുത്തത് അഞ്ച് ബോളുകള്‍

കൊല്‍ക്കത്ത: ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ ഓസ്ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കി റെക്കോര്‍ഡിട്ട യുവ പേസറാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ ഷെമാര്‍ ജോസഫ്. എന്നാല്‍ ഐപിഎല്ലിലേക്കുള്ള വരവില്‍ തന്‍റെ ആദ്യ ഓവര്‍ ഷെമാറിന്‍റെ ഉറക്കം കെടുത്തുന്നതായി. കന്നി ഐപിഎല്‍ ഓവറിലെ ആദ്യ അഞ്ച് പന്തില്‍ 8 റണ്‍സാണ് വഴങ്ങിയത് എങ്കില്‍ രണ്ട് നോബോളും രണ്ട് വൈഡുകളും ഒരു സിക്‌സും നിറഞ്ഞ ആറാം ബോളില്‍ 14 റണ്‍സാണ് ഷെമാര്‍ കെകെആറിന് വിട്ടുകൊടുത്തത്. ആറാം ബോള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് തവണ താരത്തിന് എറിയേണ്ടിവന്നു. 

ഇംഗ്ലീഷ് എക്‌സ്‌പ്രസ് പേസര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റതോടെ പ്രതീക്ഷയോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പകരക്കാരനായി ഷെമാര്‍ ജോസഫിനെ ടീമിലെടുത്തത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ ആദ്യ ഓവര്‍ പന്തെറിയാന്‍ പേസറായ ഷെമാറിനെ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ക്ഷണിച്ചു. ഫിലിപ് സാള്‍ട്ടിനെതിരെ ആദ്യ പന്ത് ഡോട്ടാക്കി തുടങ്ങിയ ഷെമാര്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്കെല്ലാം പ്രതീക്ഷ നല്‍കി. എന്നാല്‍ അതിന് ശേഷം ഓവറിലെ എല്ലാ പന്തുകളും നാടകീയവും വിന്‍ഡീസ് പേസര്‍ എക്കാലവും മറക്കാനാഗ്രഹിക്കുന്നതുമായി. രണ്ടാം പന്തില്‍ ഫിലിപ് സാള്‍ട്ട് ലെഗ്‌ബൈയിലൂടെ ഒരു റണ്‍ നേടി. സഹഓപ്പണര്‍ സുനില്‍ നരെയ്‌ന്‍ മൂന്നാം പന്തില്‍ ഫോറും നാലാം ബോളില്‍ രണ്ട് റണ്‍സും നേടി. അഞ്ചാം പന്ത് ബൈയിലൂടെ ഒരു റണ്ണായി മാറി. 

Read more: 85 വർഷത്തിനിടെ വിൻഡീസ് ക്രിക്കറ്റിൽ ആദ്യം, സ്റ്റീവ് സ്മിത്തിന്‍റെ ഓപ്പണറായുള്ള തുടക്കം കുളമാക്കി അരങ്ങേറ്റ താരം

ആറാം പന്തിലാണ് ഷെമാര്‍ ജോസഫിന് എല്ലാം പിഴച്ചത്. ആദ്യത്തെ ആറാം ബോളില്‍ യഷ് താക്കൂര്‍ ക്യാച്ച് പാഴാക്കിയപ്പോള്‍ പന്ത് അംപയര്‍  നോബോള്‍ വിളിച്ചു. വീണ്ടുമെറിഞ്ഞ പന്ത് വൈഡായി. തൊട്ടടുത്ത പന്തും വൈഡായപ്പോള്‍ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് പിന്നിലൂടെ ബൗണ്ടറിയിലെത്തി അഞ്ച് റണ്‍സ് പിറന്നു. ഒരിക്കല്‍ കൂടി എറിയാനെത്തിയ പന്തില്‍ മറ്റൊരു നോബോളുമായി അവസാനിച്ചു. ഒടുവില്‍ പണിപ്പെട്ട് ഷെമാര്‍ ജോസഫ് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറാമത്തെ ലീഗല്‍ ഡെലിവറി ഫില്‍പ് സാള്‍ട്ട് സിക്‌സിന് പറത്തുകയും ചെയ്തു. ഐപിഎല്‍ അരങ്ങേറ്റത്തില്‍ 22 റണ്‍സാണ് വിട്ടുകൊടുത്തത്.  

Read more: പൈസ വസൂല്‍, സ്റ്റാര്‍ക്ക് തിളങ്ങി; ലഖ്‌നൗവിന് കൂറ്റന്‍ സ്കോറില്ല, രക്ഷകനായി നിക്കോളാസ് പുരാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!