Latest Videos

92-0ല്‍ നിന്ന് 117-6ലേക്ക് നടുതല്ലി വീഴ്ച, ഒടുവില്‍ ഡികെ കാത്തു; ആർസിബിക്ക് ആശ്വാസ ജയം, കുതിപ്പ്

By Web TeamFirst Published May 4, 2024, 10:50 PM IST
Highlights

ആർസിബിക്കായി ഓപ്പണർമാരായ നായകന്‍ ഫാഫ് ഡുപ്ലസിസും കിംഗ് വിരാട് കോലിയും ചേർന്ന് 5.5 ഓവറില്‍ അടിച്ചുകൂട്ടിയത് 92 റണ്‍സായിരുന്നു

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ പവർപ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകർച്ച നേരിട്ട ആർസിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ മൂന്നാം ജയം നേടിയത്. ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിലിന് നിരാശയായി മത്സരഫലം. ഒരുവേള തകർത്തടിച്ച് ജയിച്ചതോടെ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ബെംഗളൂരു (8 പോയിന്‍റ്) അവസാനസ്ഥാനത്ത് നിന്ന് ഏഴാമതേക്ക് ചേക്കേറി. 8 പോയിന്‍റ് തന്നെയെങ്കിലും ടൈറ്റന്‍സ് 9-ാം സ്ഥാനത്തേക്ക് വീണു. 

മറുപടി ബാറ്റിംഗില്‍ ആർസിബിക്കായി ഓപ്പണർമാരായ നായകന്‍ ഫാഫ് ഡുപ്ലസിസും കിംഗ് വിരാട് കോലിയും ചേർന്ന് 5.5 ഓവറില്‍ അടിച്ചുകൂട്ടിയത് 92 റണ്‍സായിരുന്നു. 18 പന്തില്‍ ഫിഫ്റ്റി തികച്ച ഫാഫ് 23 ബോളില്‍ 10 ഫോറും മൂന്ന് സിക്സറും സഹിതം 64 റണ്‍സെടുത്ത് പുറത്തായി. പേസർ ജോഷ് ലിറ്റിലിന്‍റെ പന്തില്‍ ഫാഫിനെ ഷാരൂഖ് ഖാന്‍ ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മൂന്നാമന്‍ വില്‍ ജാക്സ് റണ്ണൊന്നും നേടാതിരുന്നപ്പോള്‍ ബെംഗളൂരുവിന്‍റെ പവർപ്ലേ സ്കോർ 92-1. തൊട്ടടുത്ത ഓവറില്‍ ജാക്സിനെ (3 പന്തില്‍ 1) സ്പിന്നർ നൂർ അഹമ്മദ് പറഞ്ഞയച്ചു. ആവേശം വിനയായതോടെ രജത് പാടിദാർ (3 പന്തില്‍ 2), ഗ്ലെന്‍ മാക്സ്‍വെല്‍ (3 പന്തില്‍ 4), കാമറൂണ്‍ ഗ്രീന്‍ (2 പന്തില്‍ 1) എന്നിവർ ജോഷിന് മുന്നില്‍ വന്നപോലെ മുട്ടുമടക്കി മടങ്ങി. ഇതോടെ സമ്മർദത്തിലായ വിരാട് കോലി 27 പന്തില്‍ 42 റണ്‍സുമായി നൂറിന് വിക്കറ്റ് സമ്മാനിച്ച് വീണു. ഒരവസരത്തില്‍ 92-0 ആയിരുന്ന ആർസിബി ഇതോടെ 116-6 എന്ന നിലയില്‍ പരുങ്ങി.

ഇതിന് ശേഷം സ്വപ്നില്‍ സിംഗിനെ കൂട്ടുപിടിച്ച് ദിനേശ് കാർത്തിക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ സമ്മർദം ഒഴിവാക്കിയത്. ഇരുവരും 14-ാം ഓവറില്‍ ബെംഗളൂരുവിനെ ജയിപ്പിച്ചപ്പോള്‍ ഡികെ 12 പന്തില്‍ 21* ഉം, സ്വപ്നില്‍ 9 പന്തില്‍ 15* ഉം റണ്‍സുമായി പുറത്താവാതെ നില്‍പുണ്ടായിരുന്നു. സ്റ്റാർ സ്പിന്നർ റാഷിദ് ഖാനെതിരെ സ്വപ്നില്‍ സിക്സോടെയാണ് മത്സരം ഫിനിഷ് ചെയ്തത്. 

നേരത്തെ, രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജും യാഷ് ദയാലും വിജയകുമാർ വൈശാഖും ഓരോരുത്തരെ പുറത്താക്കി കാമറൂണ്‍ ഗ്രീനും കരണ്‍ ശർമ്മയും ഗുജറാത്ത് ടൈറ്റന്‍സിനെ 19.3 ഓവറില്‍ 147 റണ്‍സില്‍ ഒതുക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹ (1), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2), സായ് സുദർശന്‍ (6) എന്നിവർ പുറത്തായ ശേഷം ഷാരൂഖ് ഖാന്‍ (37), ഡേവിഡ് മില്ലർ (30), രാഹുല്‍ തെവാട്ടിയ (35), റാഷിദ് ഖാന്‍ (18), വിജയ് ശങ്കർ (10), മാനവ് സത്താർ (1), മോഹിത് ശർമ്മ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ. ആദ്യ സ്പെല്ലില്‍ ഇരട്ട വിക്കറ്റുമായി സിറാജ് ചിന്നസ്വാമിയില്‍ വിക്കറ്റ് മഴയ്ക്ക് തുടക്കമിട്ടപ്പോള്‍ വിജയകുമാറിന്‍റെ 20-ാം ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റോടെ ടൈറ്റന്‍സ് ഓള്‍ഔട്ടാവുകയായിരുന്നു.

Read more: ഏറ് ഷോ, 20-ാം ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റ്, ഗുജറാത്ത് ഓള്‍ഔട്ട്; ആർസിബിക്ക് ജയിക്കാന്‍ 148

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!