Asianet News MalayalamAsianet News Malayalam

'അവനെ ലോകകപ്പ് ടീമില്‍ കണ്ടാല്‍ അത്ഭുതപ്പെടില്ല', രാജസ്ഥാന്‍ ബാറ്ററുടെ പേരുമായി ജാഫര്‍; സഞ്ജു സാംസണ്‍ അല്ല

ഐപിഎല്‍ 2024ലെ അപ്രതീക്ഷിത പ്രകടനം കൊണ്ട് വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ റിയാന്‍ പരാഗ് ഇടംപിടിക്കും എന്ന് കരുതുന്നവരേറെയാണ്

IPL 2024 Wont be surprised if selectors consider Riyan Parag for T20 WC says Wasim Jaffer
Author
First Published Apr 13, 2024, 1:10 PM IST

ചണ്ഡീഗഡ്: ബാറ്റ് കൊണ്ട് പ്രഹരിച്ചും വിക്കറ്റ് വില്ലുലച്ചും പലരും കുതിക്കുന്നുണ്ടാകും, എന്നാല്‍ ഐപിഎല്‍ 2024ല്‍ ഇതുവരെയുള്ള താരം റിയാന്‍ പരാഗാണ്. ഇങ്ങനെ പറ‍ഞ്ഞാല്‍ ആരും അത്ഭുതപ്പെടാന്‍ സാധ്യതയില്ല. എന്തിന് ഇവനെ ചുമക്കുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനോട് കഴിഞ്ഞ സീസണുകളില്‍ പരാഗിനെ കുറിച്ച് ചോദിച്ചവരുണ്ട്. എന്നാല്‍ എല്ലാം വിമര്‍ശനകാലത്തും റിയാന്‍ പരാഗിന് പിന്നില്‍ അടിയുറച്ച് നിന്ന ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം ഇപ്പോള്‍ പുറത്തെടുക്കുന്നത്. ഐപിഎല്‍ 2024ലെ അപ്രതീക്ഷിത പ്രകടനം കൊണ്ട് വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ റിയാന്‍ പരാഗ് ഇടംപിടിക്കും എന്ന് കരുതുന്നവരേറെ. ഇവരില്‍ ഒരു ഇന്ത്യന്‍ മുന്‍ താരവുമുണ്ട്. 

'റിയാന്‍ പരാഗ് സെന്‍സേഷനല്‍ താരമായി ഈ ഐപിഎല്ലില്‍ അത്ഭുതാവഹമായി മാറിക്കഴിഞ്ഞു. ഒരു യുവതാരം ഇത്ര മികച്ച പ്രകടനം പുറത്തെടുക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ അസമിനായി മികച്ച പ്രകടനം താരം പുറത്തെടുത്തിട്ടുണ്ട്. ആ ഫോം ഐപിഎല്ലിലേക്കും തുടര്‍ന്നിരിക്കുന്നു. നാലാം നമ്പര്‍ റിയാന്‍ പരാഗിന് വളരെ അനുയോജ്യമാണ്. കാരണം ക്രീസില്‍ അദേഹത്തിന് കാലുറപ്പിക്കാന്‍ സമയം കിട്ടും. പരാഗ് ഏറെ കഠിനാധ്വാനം ചെയ്യുന്നു. താരം ഏറെ ഫിറ്റാണ്. നല്ല ഷോട്ട് സെലക്ഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ട്രോള്‍ പരാഗിന് ലഭിച്ചിട്ടുണ്ട്. കഠിനമായ ഫിനിഷറുടെ റോള്‍ നന്നായി ചെയ്യാനായില്ല. പക്ഷേ രാജസ്ഥാന്‍ റോയല്‍സ് പരാഗില്‍ വിശ്വാസമര്‍പ്പിച്ചു. മികച്ച നമ്പറുകളാണ് താരത്തിനുള്ളത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ തെറ്റാണ് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ റിയാന്‍ പരാഗ് പരിശ്രമിക്കുകയാണ്. ഈ ഫോം നോക്കുമ്പോള്‍ പരാഗ് ട്വന്‍റി 20 ലോകകപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. അത്ര സ്ഥിരതയിലാണ് താരം കളിക്കുന്നത്' എന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2024 സീസണിലെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് റിയാന്‍ പരാഗ്. അ‍ഞ്ച് മത്സരങ്ങളില്‍ 87.00 ശരാശരിയിലും 158.18 പ്രഹരശേഷിയിലും മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 261 റണ്‍സ് നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 319 റണ്‍സുള്ള ഇതിഹാസ ബാറ്റര്‍ വിരാട് കോലിക്ക് ഭീഷണിയായാണ് താരം കുതിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 29 ബോളില്‍ 43 റണ്‍സെടുത്താണ് പരാഗ് സീസണ്‍ തുടങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 84* ഉം, മുംബൈ ഇന്ത്യന്‍സിനെതിരെ 54* ഉം നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ കളിയില്‍ 76 റണ്‍സും നേടി. 

Read more: അഞ്ച് തോല്‍വികളില്‍ ജീവന്‍ പോയില്ല; ആര്‍സിബിക്ക് ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷ സജീവം, ചരിത്രവും തുണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Follow Us:
Download App:
  • android
  • ios