
ലക്നൗ: ഐപിഎല്ലിൽ വീണ്ടും മലയാളികളുടെ അഭിമാനം കാത്ത് വിഘ്നേഷ് പുത്തൂര്‍. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ അപകടകാരിയായ മിച്ചൽ മാര്‍ഷിനെ തന്‍റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ വിഘ്നേഷ് ഒരിക്കൽക്കൂടി ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു.
പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ അര്‍ധ സെഞ്ച്വറി പിന്നിട്ട് കുതിച്ച മിച്ചൽ മാര്‍ഷിന് മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് നായകൻ ഹാര്‍ദിക് പാണ്ഡ്യ 24കാരനായ വിഘ്നേഷിനെ പന്ത് എറിയാനായി വിളിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഹീറോയായിരുന്ന അശ്വനി കുമാര്‍ ഉൾപ്പെടെ മാര്‍ഷിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞിരുന്നു. 7-ാം ഓവര്‍ എറിയാനെത്തിയ വിഘ്നേഷിനെ എയഡൻ മാര്‍ക്രമാണ് ആദ്യത്തെ 5 പന്തുകളും നേരിട്ടത്. ആദ്യ മൂന്ന് പന്തുകളിൽ റൺസ് വിട്ടുകൊടുക്കാതെ വിഘ്നേഷ് മാര്‍ക്രമിനെ സമ്മര്‍ദ്ദത്തിലാക്കി.
നാലാം പന്ത് അതിര്‍ത്തി കടത്തി മാര്‍ക്രം റൺ റേറ്റ് താഴാതെ കാത്തു. തൊട്ടടുത്ത പന്തിൽ ഷോര്‍ട്ട് കവറിലേയ്ക്ക് മാര്‍ക്രമിന്‍റെ സിംഗിൾ. ഇതോടെ തകര്‍പ്പൻ ഫോമിലായിരുന്ന മിച്ചൽ മാര്‍ഷ് സ്ട്രൈക്കിലെത്തി. ടേൺ പ്രതീക്ഷിച്ചു നിന്ന മാര്‍ഷിന് പിടികൊടുക്കാതെ വിഘ്നേഷിന്‍റെ ഗൂഗ്ലി. മാര്‍ഷിന്‍റെ ഷോട്ട് വിഘ്നേഷിന്‍റെ തന്നെ കൈകളിൽ ഒതുങ്ങി. ഇതോടെ മുംബൈ ആരാധകരിൽ ആശ്വാസത്തിന്‍റെ ചിരി വിടര്‍ന്നു.
READ MORE: ബുമ്രയുടെ തിരിച്ചുവരവിന് വേണ്ടിയുള്ള മുംബൈ ആരാധകരുടെ കാത്തിരിപ്പ് നീളുമോ? പുത്തൻ അപ്ഡേറ്റ് ഇതാ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!