ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലൻസിൽ ബുമ്ര തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
ബെംഗളൂരു: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവിനാണ്. ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ഇക്കഴിഞ്ഞ ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ ബുമ്രയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
പരിക്കേറ്റ് ഏറെ നാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം നിലവിൽ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലൻസിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത രണ്ട് മത്സരങ്ങളിൽ കൂടിയെങ്കിലും ബുമ്ര ഉണ്ടാകില്ലെന്നും അദ്ദേഹം ഫിറ്റ്നസ് ടെസ്റ്റിന്‍റെ അവസാന റൗണ്ടിലേയ്ക്ക് അടുക്കുകയാണെന്നും ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ മെഡിക്കൽ ടീമിന്‍റെ ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ താരത്തിന് മുംബൈ ടീമിലേയ്ക്ക് തിരികെ എത്താൻ കഴിയൂ. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും നടക്കാനാരിക്കെ ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നസ് ഏറെ പ്രധാനമാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജൂൺ 20നാണ് ആരംഭിക്കുക.
അതേസമയം, ഐപിഎല്ലിൻറെ 18-ാം സീസണിൽ മോശം തുടക്കമായിരുന്നു മുംബൈയുടേത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ മുംബൈ അവസാന മത്സരത്തിൽ കൊൽക്കത്തയെ തകര്‍ത്ത് കരുത്ത് തെളിയിച്ചു. ബുമ്രയുടെ അഭാവത്തിൽ സത്യനാരായണ രാജു, വിഘ്നേഷ് പുത്തൂര്‍, അശ്വനി കുമാര്‍ തുടങ്ങിയ യുവനിരയാണ് മുംബൈയുടെ ബൗളിംഗ് യൂണിറ്റിൽ അണിനിരക്കുന്നത്. ട്രെൻഡ് ബോള്‍ട്ടും ഹാര്‍ദിക് പാണ്ഡ്യയും ദീപക് ചഹറുമാണ് പേസ് അറ്റാക്കിന് നേതൃത്വം നൽകുന്നത്.
READ MORE: സഞ്ജുവിനെ പൂട്ടാൻ പഞ്ചാബ്; ശ്രേയസിന്റെ കയ്യിലുണ്ട് വജ്രായുധം! നാളെ പൊടിപാറും പോരാട്ടം
