
മൊഹാലി: ഐപിഎൽ ക്വാളിഫയര്‍-1ൽ പഞ്ചാബ് കിംഗ്സിനെതിരെ 102 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ തന്നെ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസിലെത്തി. വിരാട് കോലിയുടെ വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്.
അര്‍ഷ് ദീപ് സിംഗാണ് പഞ്ചാബിന് വേണ്ടി അദ്യം പന്തെറിയാനെത്തിയത്. ആദ്യ പന്തിൽ ഫിൽ സാൾട്ട് സിംഗിളെടുത്ത് വിരാട് കോലിയ്ക്ക് സ്ട്രൈക്ക് കൈമാറി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി കോലി നയം വ്യക്തമാക്കി. മൂന്നാം പന്തിൽ ലെഗ് ബൈ ബൗണ്ടറി കൂടി ലഭിച്ചതോടെ ബെംഗളൂവിന്റെ സ്കോര്‍ ഉയര്‍ന്നു. ആദ്യ ഓവറിൽ തന്നെ 11 റൺസാണ് ബെംഗളൂരു നേടിയത്. രണ്ടാം ഓവറിൽ കൈൽ ജാമിസണെതിരെ കോലി ബൗണ്ടറി നേടി. മൂന്നാം ഓവറിൽ വീണ്ടും അര്‍ഷ് ദീപ് സിംഗ് എത്തി. നാലാം പന്തിൽ സ്ലോ ബൗൺസര്‍ സാൾട്ട് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലേയ്ക്ക് തിരിച്ചുവിട്ടു. അവസാന പന്തിൽ സാൾട്ടിന്റെ ബാറ്റിൽ നിന്ന് ബെംഗളൂരുവിന്റെ ആദ്യ സിക്സറും പിറന്നു. 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ബെംഗളൂരു വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസിലെത്തി.
നാലാം ഓവറിന്റെ രണ്ടാം പന്തിൽ പഞ്ചാബ് കാത്തിരുന്ന നിമിഷമെത്തി. ഓഫ് സ്റ്റംപിന് പുറത്തേയ്ക്ക് പോയ പന്തിൽ ബാറ്റ് വെച്ച കോലി കീപ്പര്‍ക്ക് ക്യാച്ച് നൽകി മടങ്ങി. 12 പന്തുകൾ നേരിട്ട കോലിയ്ക്ക് 12 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ ഇംപാക്ട് പ്ലെയറായി മായങ്ക് അഗര്‍വാൾ ക്രീസിലെത്തി. തുടര്‍ന്ന് തീപാറുന്ന നാല് പന്തുകളാണ് ജാമിസണിൽ നിന്ന് വന്നത്. മായങ്ക് അഗര്‍വാൾ കഷ്ടിച്ചാണ് ഈ ഓവറിൽ രക്ഷപ്പെട്ടത്. അഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ അസ്മത്തുള്ള ഒമര്‍സായിയ്ക്ക് എതിരെ ഫിൽ സാൾട്ട് ബൗണ്ടറി നേടിയതോടെയാണ് ബെംഗളൂവിന് ശ്വാസം വീണത്. തുടര്‍ന്ന് അവസാന പന്തും ബൗണ്ടറി കടത്തി സാൾട്ട് സ്കോര്‍ ഉയര്‍ത്തി. ആറാം ഓവറിൽ വീണ്ടും ജാമിസൺ മടങ്ങിയെത്തിയെങ്കിലും ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി അഗര്‍വാൾ തുടക്കത്തിൽ തന്നെ സമ്മര്‍ദ്ദമകറ്റി. ഇതോടെ ലൈനും ലെംഗ്തും നഷ്ടമായ ജാമിസണെയാണ് പിന്നീട് കാണാനായത്. അവസാന മൂന്ന് പന്തുകളിൽ സാൾട്ട് രണ്ട് ബൗണ്ടറികളും ഒരു സിക്സറും പറത്തി. 21 റൺസാണ് ഈ ഓവരിൽ ജാമിസൺ വഴങ്ങിയത്.