ഐപിഎല്‍ 2026: ക്വാളിഫയർ ഒന്ന് ബൗളര്‍മാരുടെ പോരാട്ടം; മുൻതൂക്കം ആർക്ക്?

Published : May 25, 2026, 02:35 PM IST
Gujarat Titans

Synopsis

കോലിയുടേയും ഗില്ലിന്റേയും ഫേസ് ഓഫ് മത്സരത്തിന്റെ ഗ്ലമാറിനെ വർധിപ്പിക്കുന്നുണ്ടാകാം. പക്ഷേ, കളിയില്‍ നിര്‍ണായകമാകുക മറ്റൊരു സംഘമായിരിക്കും

The King and the Prince. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിരാട് കോലിയേയും ശുഭ്മാൻ ഗില്ലിനേയും ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. എങ്കില്‍ 2026 ഐപിഎല്ലിന്റെ ക്വാളിഫയര്‍ ഒന്നില്‍ കാണാൻപോകുന്നത് രാജാവിനെ വീഴ്ത്താൻ ഒരുങ്ങുന്ന രാജകുമാരനെയാണ്. യെസ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വേഴ്‌സ് ഗുജറാത്ത് ടൈറ്റൻസ്. ഈ രണ്ട് പേരുടെ ഫേസ് ഓഫ് മത്സരത്തിന്റെ ഗ്ലമാറിനെ വർധിപ്പിക്കുന്നുണ്ടാകാം. പക്ഷേ, കളിയില്‍ നിര്‍ണായകമാകുക മറ്റൊരു സംഘമായിരിക്കും, ബൗളര്‍മാര്‍.

Bowlers win you tournaments എന്ന് പറയാറുണ്ട്. സീസണില്‍ ഈ വാചകം ഏറ്റവും യോജിക്കുന്നത് ബെംഗളൂരുവിനും ഗുജറാത്തിനുമാണ്. ഭുവനേശ്വർ കുമാര്‍ - ജോഷ് ഹേസല്‍വുഡ് സഖ്യം ഒരുവശത്ത്, ഒപ്പം സുയാഷ് ശര്‍മ, കൃണാല്‍ പാണ്ഡ്യ, റാസിക്ക് ധ‍ര്‍. മറുപുറത്ത് കഗിസൊ റാബാഡ - മുഹമ്മദ് സിറാജ് കൂട്ടുകെട്ട്. പിന്തുണയ്ക്കായി റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, ജേസണ്‍ ഹോള്‍ഡര്‍.

ടൂർണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ട് ടീമുകള്‍, ബെംഗളൂരു 86, ഗുജറാത്ത് 102. എക്കോണി യഥാക്രമം 9.6ഉം, 9.2ഉം ആണ്. പേരുകള്‍ പരിശോധിക്കുമ്പോള്‍ ഗുജറാത്തിന്റെ ബൗളിങ് നിരയ്ക്ക് നേരിയ മുൻതൂക്കമുണ്ട്. പക്ഷേ, ഇരുടീമുകള്‍ക്കും സീസണില്‍ ഉടനീളം മുൻതൂക്കം നല്‍കിയ ഘടകം ഡിസിപ്ലിൻഡായുള്ള പവർപ്ലേ ബൗളിങ്ങാണ്. ഇവിടെയാണ് മത്സരത്തിന്റെ ഗതി നിര്‍ണയിക്കപ്പെടുന്നതും.

സിറാജും റബാഡയും വിക്കറ്റ് നേടുന്നതില്‍ മാത്രമല്ല, റണ്‍സ് വഴങ്ങുന്നതിലും അല്‍പ്പം പിന്നോട്ടാണ് പവര്‍പ്ലേയില്‍. ഭുവിയുടേയും ഹേസല്‍വുഡിന്റേയും കാര്യത്തില്‍ വിക്കറ്റ് നേട്ടത്തിലെ സ്ഥിരത റണ്‍സിന്റെ കാര്യത്തില്‍ സംഭവിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് മാച്ച് അപ്പുകള്‍ ചിത്രത്തിലേക്ക് വരുമെന്നതും.

ഹേസല്‍വുഡിനെതിരെ അഗ്രസീവ് സമീപനമെടുത്ത് ഇക്വേഷനില്‍ നിന്ന് പുറത്താക്കുന്നതാണ് ഗില്ലിന്റെ ശൈലി. എന്നാല്‍ ഭുവിക്ക് മുന്നില്‍ ഇതുവരെ നിലയുറപ്പിക്കാൻ ഗില്ലിനായിട്ടില്ല, അഞ്ച് തവണ ഗില്ലിന്റെ പുറത്താക്കാൻ ഭുവിക്കായിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 107 മാത്രമാണ് ഗുജറാത്ത് നായകനുള്ളത്. സായിക്കാകട്ടെ ഹേസല്‍വുഡിനേയും എളുപ്പം അതിജീവിക്കാൻ കഴിഞ്ഞിട്ടില്ല. ഇരുവരേയും പവര്‍പ്ലേയ്ക്കുള്ളില്‍ മടക്കാനായാല്‍ ഗുജറാത്തിന്റെ ദുര്‍ബലമായ മധ്യനിരയിലേക്ക് ബെംഗളൂരുവിന് കയറാം.

ധരംശാലയിലേത് ബൗണ്‍സിയായ വിക്കറ്റാണെങ്കില്‍ സ്പിന്നര്‍മാരുടെ റോള്‍ കുറയും. സമ്മര്‍ദമുയരുമ്പോള്‍ തന്റെ ഗെയിം ലിഫ്റ്റ് ചെയ്യുന്ന കൃണാല്‍ പാണ്ഡ്യയായിരിക്കും മധ്യഓവറുകള്‍ ബെംഗളൂരുവിനായി ചരടുവലിക്കുക. ഗുജറാത്ത് ബൗളര്‍മാരുടെ കാര്യമെടുത്താല്‍, റബാഡ വേഴ്സസ് കോലി. ഇന്ത്യൻ ഇതിഹാസത്തെ അഞ്ച് തവണ പുറത്താക്കാൻ റബാഡയ്ക്കായിട്ടുണ്ട്. ടീമിലേക്ക് മടങ്ങിയെത്താൻ സാധ്യതയുള്ള ബെംഗളൂരു താരം ഫില്‍ സാള്‍ട്ടിനേയും ഡൊമിനേറ്റ് ചെയ്തിട്ടുള്ള ചരിത്രമാണ് റബാഡയ്ക്കുള്ളത്.

സിറാജ് ഒരുവശത്ത് റണ്‍സ് വിട്ടുകൊടുക്കാതെ സമ്മര്‍ദം ഉയര്‍ത്തുന്ന തന്ത്രത്തില്‍ നിന്നായിരുന്നു ഭൂരിഭാഗം മത്സരങ്ങളിലും റബാഡ വിക്കറ്റ് കൊയ്തിരുന്നത്. അത് ധരംശാലയില്‍ ആവര്‍ത്തിക്കുമോയെന്നത് നിര്‍ണായകമാണ്. ഗുജറാത്തിന്റേതിന് സമാനമായി ഒരു ദുര്‍ബല മധ്യനിരയല്ല ബെംഗളൂരുവിന്റേത്. ദേവദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേ‍ഡ്, ഫോമില്‍ അല്ലാത്തത് ജിതേഷ് ശര്‍മ മാത്രമാണ്.

അതുകൊണ്ട് മധ്യഓവറുകളില്‍ പന്തെറിയുന്ന റാഷിദ് ഖാനും പ്രസിദ്ധിനും ഒന്നും എളുപ്പമായേക്കില്ല. 19 വിക്കറ്റുകള്‍ സീസണില്‍ നേടിയിട്ടുണ്ട് റാഷിദ്, പ്രസിദ്ധ് പതിനാലും. അതുകൊണ്ട് മത്സരത്തിലെ ഈ ഫേസ് ഇരുടീമുകളും കൈകാര്യം ചെയ്യുന്നതിലും പവര്‍പ്ലേയ്ക്ക് ഒപ്പം തന്നെ പ്രധാന്യമുണ്ട്. ഇവിടെ മുൻതൂക്കം ബെംഗളുരൂവിനായിരിക്കും. സായ് - ഗില്‍ - ബട്ട്ലര്‍ ത്രയത്തിന്റെ ഫോം ഗുജറാത്ത് മധ്യനിരയും റോള്‍ കുറച്ചിട്ടുണ്ട്. നിര്‍ണായകമത്സരത്തില്‍ സമ്മര്‍ദസാഹചര്യമുണ്ടായാല്‍ അതിജീവിക്കുക എളുപ്പമല്ല. ജേസണ്‍ ഹോള്‍ഡറാണ് പ്രതീക്ഷയായി ബാക്കിയുള്ളത്.

ധരംശാലയില്‍ ബെംഗളൂരു കളിച്ച ഏക മത്സരത്തില്‍ പഞ്ചാബിനെതിരെ ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം തിളങ്ങിയിരുന്നു. പ്രത്യേകിച്ചും വെങ്കിടേഷ് അയ്യര്‍. താരത്തെ ബെംഗളൂരു ഉപയോഗിക്കുമോയെന്നതാണ് കാണേണ്ടത്. ധരംശാലയില്‍ ഗുജറാത്തിറങ്ങുന്ന ആദ്യ മത്സരം കൂടിയാണ് ക്വാളിഫയര്‍ വണ്‍. അതുകൊണ്ട് സാഹചര്യങ്ങള്‍ ബെംഗളൂരുവിന് പരിചിതമാണ്. ലിഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹോം മൈതാനങ്ങളിലായിരുന്നു രണ്ട് ടീമുകളുടേയും വിജയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: പീക്ക് ചെയ്ത് ആർച്ചര്‍, രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ച ഒറ്റയാള്‍ പോരാട്ടം
ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം