
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും കിരീടപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇരുടീമുകളും തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പഞ്ചാബ് കിങ്സിനെ വീഴ്ത്തി ആർസിബി തങ്ങളുടെ കന്നി കിരീടം നേടിയിരുന്നു. മറുവശത്ത്, അരങ്ങേറ്റ സീസണായ 2022-ൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഇന്നിറങ്ങുന്നത്.
വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ തുടരുന്ന കനത്ത മഴയും കൊടുങ്കറ്റും കാരണം ചണ്ഡീഗഢിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഗുജറാത്ത് ടീമിന്‍റെ യാത്ര വൈകിയിരുന്നു. ഇതോടെ, ഫൈനൽ മത്സരം മഴ മൂലം തടസ്സപ്പെട്ടാൽ എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് ആര്‍സിബിയുടെയും ഗുജരാത്തിന്‍റെയും ആരാധകർ.
അക്യുവെതർ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് അഹമ്മദാബാദിൽ മഴ പെയ്യാൻ 5 ശതമാനം സാധ്യത മാത്രമെയുള്ളൂവെന്നതാണ് ആരാധകര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത. ആകാശം 15 ശതമാനത്തോളം മേഘാവൃതമായിരിക്കുമെങ്കിലും മത്സരം പൂർണ്ണമായി തടസപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക കാലാവസ്ഥാ പ്രവചനം. എങ്കിലും അപ്രതീക്ഷിതമായി മഴ വില്ലനായാൽ വിജയികളെ നിർണ്ണയിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസർവ് ഡേ ഉണ്ടായിരുന്നില്ലെങ്കിലും ഫൈനൽ മത്സരത്തിനായി ബിസിസിഐ ജൂൺ 1 തിങ്കളാഴ്ച റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മത്സരം ആരംഭിച്ച് മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് തടസ്സപ്പെടുകയാണെങ്കിൽ, മത്സരം എവിടെയാണോ നിർത്തിയത് അവിടെയുള്ള സ്കോറിൽ നിന്ന് തന്നെ തിങ്കളാഴ്ച പുനരാരംഭിക്കും.
റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ ആരാകും ചാമ്പ്യന്മാർ? റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴ കാരണം ഒരു പന്ത് പോലും എറിയാൻ സാധിക്കാതെ മത്സരം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തിലെ പോയിന്‍റ് ടേബിളിൽ ഗുജറാത്ത് ടൈറ്റൻസിനേക്കാൾ മുകളിലായി ഫിനിഷ് ചെയ്തത് ആർസിബി ആയതിനാലാണ് നിയമം അവർക്ക് അനുകൂലമാകുന്നത്. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് തകർത്താണ് ആർസിബി നേരിട്ട് ഫൈനലിൽ എത്തിയത്. ആ മത്സരത്തിൽ പരാജയപ്പെട്ട ഗുജറാത്ത്, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
കിരീടം നേടിയാൽ ആർസിബി നായകൻ രജത് പാടിദാറിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ എം.എസ് ധോണിക്കും മുംബൈ ഇന്ത്യൻസിന്‍റെ രോഹിത് ശർമ്മയ്ക്കും ശേഷം ഐപിഎല്ലിൽ തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റൻ എന്ന പദവി പാടിദാറിന് സ്വന്തമാകും. എന്തായാലും കാര്യമായ മഴ ഭീഷണിയില്ലാത്തതിനാല്‍ ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 20 ഓവർ പോരാട്ടം തന്നെ കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!