ഐപിഎല്‍ 2026: ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം

Published : Apr 24, 2026, 03:33 PM IST
Shardul Thakur

Synopsis

നൂര്‍ അഹമ്മദിന്റെ പന്തില്‍ ഷെര്‍ഫെയിൻ റുഥര്‍ഫോര്‍ഡ് പുറത്തായ നിമിഷം. മുംബൈ ഇന്ത്യൻസിന്റെ ഡഗൗട്ടില്‍ നിന്ന് പകരമെത്തിയ ബാറ്ററെ കണ്ടപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്ന് ആശയക്കുഴപ്പത്തിലായി

നൂര്‍ അഹമ്മദിന്റെ പന്തില്‍ ഷെര്‍ഫെയിൻ റുഥര്‍ഫോര്‍ഡ് പുറത്തായ നിമിഷം. മുംബൈ ഇന്ത്യൻസിന്റെ ഡഗൗട്ടില്‍ നിന്ന് പകരമെത്തിയ ബാറ്ററെ കണ്ടപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്ന് ആശയക്കുഴപ്പത്തിലായി. പ്ലേയിങ് ഇലവനിലോ ഇംപാക്റ്റ് പ്ലെയര്‍ പട്ടികയിലൊ ഒന്നുമില്ലാത്തൊരാള്‍. ശാര്‍ദൂല്‍ ഠാക്കൂറായിരുന്നു എട്ടാമനായി മുംബൈ ജഴ്‌സിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ക്രീസിലേക്ക് എത്തിയത്. സഞ്ജു സാംസണിന്റെ സെഞ്ചുറിക്കും ചെന്നൈയുടെ തകര്‍പ്പൻ ജയത്തിനുമൊപ്പം ക്രിക്കറ്റ് സര്‍ക്കിളുകളില്‍ അതിവേഗം ഇത് ചര്‍ച്ചയാവുകയും ചെയ്തു.

ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ സാന്റനറിന്റെ കണ്‍കഷൻ സബ്‌സ്റ്റിറ്റ്യൂട്ടായാണ് ശാര്‍ദൂലിന് അവസരമൊരുങ്ങിയതെന്നാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം. പക്ഷേ, സാന്റനറിന്റെ പരുക്കിന് അത്രത്തോളം ആഴമുണ്ടായിരുന്നൊവെന്നതാണ് ചോദ്യമായി മുന്നിലുള്ളത്, ഇത്തരം സാഹചര്യങ്ങളില്‍ നിയമം പറയുന്നതെന്താണന്നുകൂടി പരിശോധിക്കം.

ചെന്നൈ ഇന്നിങ്സിന്റെ 17-ാം ഓവറിലെ അഞ്ചാം പന്തിലാണ് സാന്ററിന്റെ പരുക്കിലേക്ക് വഴിവെച്ച സംഭവം. ജസ്പ്രിത് ബുമ്രയുടെ ഫുള്‍ ടോസില്‍ കാര്‍ത്തിക്ക് ശര്‍മയുടെ സിക്‌സിനുള്ള ശ്രമം. എന്നാല്‍, കാര്‍ത്തിക്ക് പ്രതീക്ഷിച്ച ഇലവേഷൻ ഷോട്ടിലുണ്ടായില്ല, ഡീപ് സ്ക്വയര്‍ ലെഗില്‍ നിലയുറപ്പിച്ച സാന്റനറിന്റെ കൈകളില്‍ പന്ത് സുരക്ഷിതമായി എത്തി. മൂന്നോട്ടോടിയെത്തി സാന്റനറെടുത്ത ലോ ക്യാച്ചാണ് വിക്കറ്റിലേക്ക് വഴിയൊരുക്കിയതും.

ഡൈവ് ചെയ്യുന്നതിനിടെ ഷോള്‍ഡറിടിച്ചാണ് സാന്റനര്‍ മൈതാനത്തേക്ക് വീഴുന്നതും. ഷോള്‍ഡര്‍ നിലം പതിച്ചതിന് പിന്നാലെ തന്നെ തലയും ഇടിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാച്ചെടുത്തതിന് ശേഷം ശാരീരികമായി അസ്വസ്ഥതകള്‍ സാന്റനര്‍ പ്രകടിപ്പിച്ചിരുന്നു, പ്രത്യേകിച്ചും ഷോള്‍ഡറില്‍ ചൂണ്ടിക്കാണിച്ച്. ഇതോടെ മുംബൈ ഇന്ത്യൻസ് ക്യാമ്പിലും പരിഭ്രാന്തി പടര്‍ന്നു, സ്റ്റാര്‍ ഓള്‍ റൗണ്ടറായ ന്യൂസിലൻഡ് താരത്തിന്റെ പരുക്ക് നിലവിലെ തിരിച്ചടികളുടെ ആഘാതം വര്‍ധിപ്പിക്കുന്ന ഒന്നാണ്.

സാന്റ്നറിന് പരുക്കേല്‍ക്കുന്നതിന് മുൻപ് തന്നെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂഷൻ നടത്തുകയും ചെയ്തിരുന്നു. സ്പിന്നറായ എഎം ഗസൻഫാറിന് പകരം യുവതാരവും ബാറ്ററുമായ ഡാനിഷ് മലേവാറാണ് എത്തിയത്. സാന്ററിന്റെ പരുക്ക് ഗുരുതരമാകുകയാണെങ്കില്‍ ഇംപാക്റ്റ് സബ്ബിലൂടെ അത് മറികടക്കാനുള്ള സാഹചര്യം ഇതിലൂടെ നഷ്ടമാകുകയും ചെയ്തു മുംബൈ ഇന്ത്യൻസ്. ഐസ് ബാഗ് ഷോള്‍ഡറില്‍ വെച്ച് കെട്ടിയ നിലയിലായിരുന്നു സാന്റനറിനെ ശേഷം കണ്ടത്.

മത്സരശേഷം മുംബൈയുടെ മുഖ്യപരിശീലകനായ മഹേല ജയവര്‍ധനെ ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ക്യാച്ച് എടുക്കുന്നതിനിടെ സാന്റനറിന്റെ തലയാണ് ആദ്യം ഇടിച്ചത്, ശേഷം കഴുത്തും തോളം. പ്രാഥമികമായ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത്തി. എന്നാല്‍ വിശ്രമിക്കുകയാണ് ചെയ്തത്. സ്റ്റേബിള്‍ ആണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. ഇതോടെ വിശദമായ സ്കാനിങ്ങിന് അദ്ദേഹത്തെ വിധേയനാക്കി, ജയവര്‍ധനെ വ്യക്തമാക്കി.

ഈ പശ്ചാത്തലത്തിലാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ മുംബൈ ഇന്ത്യൻസ് ആവശ്യപ്പെടുന്നതും. പൂര്‍ണമായും മാച്ച് റഫറിയുടേയും അമ്പയര്‍മാരുടേയും വിവേചനാധികാരത്തിലുള്ള കാര്യമാണിതെന്നും അവര്‍ അനുവദിക്കുകയായിരുന്നെന്നും ജയവര്‍ധനെ വിശദീകരിച്ചു. ഇങ്ങനെയാണ് ശാര്‍ദൂല്‍ ഠാക്കൂറിന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നത്.

ഇനി കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട്സുമായി ബന്ധപ്പെട്ട നിയമം പറയുന്നതെന്തെന്ന് നോക്കാം. മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാ ടീമുകളും സബ്സ്റ്റ്യൂട്ടുകളുടെ പേരുകള്‍ നല്‍കണം. ഒരു വിക്കറ്റ് കീപ്പര്‍, ഒരു ബാറ്റര്‍, ഒരു ഓള്‍ റൗണ്ടര്‍, ഒരു സീമര്‍, ഒരു സ്പിന്നര്‍ എന്നിങ്ങനെ അഞ്ച് പേരുകളാണ് മാച്ച് റഫറിക്ക് നല്‍കേണ്ടത്. താരങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റ് മൈതാനത്തിറങ്ങാൻ കഴിയാത്ത പഞ്ചാത്തലത്തിലാണ് കണ്‍കഷൻ അനുവദിക്കുക.

പരുക്ക് പറ്റിയ താരത്തിന്റെ അതേ റോള്‍ വഹിക്കുന്നവര്‍ക്കായിരിക്കും പരിഗണന. സാന്റനര്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ ആയതിനാലാണ് പകരക്കാരനായി അതേ റോളിലുള്ള ശാര്‍ദൂലിനെ സബ്ബായി അനുവദിച്ചത്. ഇനി കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ താരത്തിന് പരുക്കേല്‍ക്കുകയാണെങ്കിലും പകരക്കാരെ അനുവദിക്കാൻ മാച്ച് റഫറിക്ക് അധികാരമുണ്ട്. ടീം മാനേജ്മെന്റ് നല്‍കിയ അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പുറത്തുള്ള താരത്തെയായിരിക്കും അനുവദിക്കുകയെന്ന് മാത്രം. ഇതും റോള്‍ പ്രകാരം തന്നെയായിരിക്കും.

Powered By: 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈയുടെ രഹസ്യായുധമോ?; വൈറലായ 'മാസ്ക്' സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അക്കീൽ ഹൊസൈൻ
ഐപിഎല്‍ 2026: ഹാര്‍ദിക്കിന്റെ ഭയത്തിന്റെ പേരാണ് ഇന്ന് സഞ്ജു, മുംബൈയെ തീര്‍ത്ത തലൈവൻ