ചെപ്പോക്കിലെ കോട്ട തകര്‍ന്നു, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ജയവുമായി ആര്‍സിബി ഒന്നാമത്

Published : Mar 28, 2025, 11:17 PM ISTUpdated : Mar 28, 2025, 11:18 PM IST
ചെപ്പോക്കിലെ കോട്ട തകര്‍ന്നു, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ജയവുമായി ആര്‍സിബി ഒന്നാമത്

Synopsis

ചെന്നൈക്കെതിരെ 50 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് ചെപ്പോക്കില്‍ 2008ലെ ആദ്യ സീസണുശേഷം ആര്‍സിബി ആദ്യ  ജയം സ്വന്തമാക്കിയത്.

ചെന്നൈ: ഐപിഎല്ലില്‍ 18 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ചെന്നൈയുടെ കോട്ട തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈക്കെതിരെ 50 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് ചെപ്പോക്കില്‍ 2008 നുശേഷം ആര്‍സിബി ആദ്യ  ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.

ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് മൂന്നും ലിയാം ലിവിംഗ്‌സ്റ്റണും യാഷ് ദയാലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ ആര്‍സിബി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ 197-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 145-9.

അടിതെറ്റിയ തുടക്കം

197 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ ഹേസല്‍വുഡ് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ(5) ഫില്‍ സാള്‍ട്ടിന്‍റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് പിന്നാലെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെ(0) പൂജ്യനായി മടക്കി ചെന്നൈയെ ഞെട്ടിച്ചു. നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ദീപക് ഹൂഡയെ(4) ഭുവിയും മടക്കിയതോടെ പവര്‍ പ്ലേയില്‍ ചെന്നൈ 40-3ലേക്ക് ഒതുങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ സാം കറനും(8) മടങ്ങി. പൊരുതി നിന്ന രച്ചിന്‍ രവീന്ദ്രയെ(31 പന്തില്‍ 41) യാഷ് ദയാല്‍ ബൗള്‍ഡാക്കിയതോടെ ചെന്നൈയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു.

ശിവം ദുബെ(15 പന്തില്‍ 19) പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. ഏഴാമനായി അശ്വിന്‍(11) പുറത്തായതിന് പിന്നാലെ എം എസ് ധോണി ക്രീസിലെത്തിയെങ്കിലും അപ്പോഴേക്കും ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു, രവീന്ദ്ര ജഡേജയുടെ ചെറുത്തു നില്‍പ്പിന്(19 പന്തില്‍ 25) ചെന്നൈയുടെ തോല്‍വി ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ യാഷ് ദയാല്‍ 18 റണ്‍സിനും ലിവിംഗ്സ്റ്റണ്‍ 18 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

43-ാം വയസിലും അമ്പരപ്പിച്ച് ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്, ഇത്തവണ വീണത് ഫില്‍ സാള്‍ട്ട്

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബി അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ രജത് പാട്ടീദാറിന്‍റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് കരുത്തിൽ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചത്. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.

വിരാട് കോലി 30 പന്തിൽ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു