സ്പിന്‍ കെണിയില്‍ കുടുങ്ങി കോലിക്കൂട്ടം; 'തല'യെടുപ്പോടെ ഇമ്രാന്‍താഹിറും ഹര്‍ഭജനും

By Web TeamFirst Published Mar 23, 2019, 9:24 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനെ സ്പിന്‍ കെണിയില്‍ കുടുക്കുകയായിരുന്നു ചെന്നൈ. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഭജനും ഇമ്രാന്‍ താഹിറുമാണ് കോലിയുടെ ടീമിനെ വരിഞ്ഞ് മുറുക്കിയത്

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 71 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനെ സ്പിന്‍ കെണിയില്‍ കുടുക്കുകയായിരുന്നു ചെന്നൈ. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഭജനും ഇമ്രാന്‍ താഹിറുമാണ് കോലിയുടെ ടീമിനെ വരിഞ്ഞ് മുറുക്കിയത്.

വിരാട് കോലിയും ഡിവില്ലിയേഴ്സുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ചെന്നൈ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വിരാട് കോലി (6), മൊയീന്‍ അലി (9), ഡിവില്ലിയേഴ്സ് (9) എന്നിവരെ കൂടാരം കയറ്റിയ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ബാംഗ്ലൂരിന്റെ മുന്‍നിരയെ നിലംപരിശാക്കിയത്. ഹര്‍ഭജന് പിന്നാലെ പന്തെറിയാനെത്തിയ ഇമ്രാന്‍ താഹിര്‍ അക്ഷരാര്‍ത്ഥത്തില്‍ ബാഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു. 29 റണ്‍സ് നേടിയ ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേലാണ് സന്ദര്‍ശകരെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ഹര്‍ഭജന്റെ ഒരു ഷോട്ട്പിച്ച് പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് നായകന്‍ കോലി മടങ്ങിയത്. മൊയീന്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ ഹര്‍ഭജന്‍, ഡിവില്ലേഴ്സിനെ ജഡേജയുടെ കൈകളിലെത്തിച്ചു. 

നേരത്തെ, മൂന്ന് ഓവര്‍സീസ് താരങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍. ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഷിംറോണ്‍ ഹെറ്റ്മ്യര്‍ എന്നിവരാണ് ബാംഗ്ലൂരിന്റെ ഓവര്‍സീസ് താരങ്ങള്‍.

click me!