Asianet News MalayalamAsianet News Malayalam

ഐപിഎൽ ഹോം-എവേ രീതിയിലേക്ക്; ഏറ്റവും സന്തോഷിക്കുന്നത് സിഎസ്‌കെ ആരാധകര്‍, കാരണം ഒറ്റപ്പേര്! 'തല'

ഐപിഎല്ലില്‍ വരാനിരിക്കുന്നത് തലയുടെ സീസണ്‍,  ധോണി ആഗ്രഹിച്ചതുപോലെ ചെന്നൈക്കാ‍ർക്ക് മുമ്പിൽ ഒരു യാത്ര പറച്ചിലായി വരും സീസൺ മാറിയേക്കും

Why ipl return to home and away format happy for MS Dhoni and CSK Fans
Author
First Published Sep 23, 2022, 8:02 AM IST

ചെന്നൈ: അടുത്ത വർഷം ഐപിഎൽ മത്സരങ്ങൾ ഹോം ആന്‍‌ഡ് എവേ രീതിയിൽ നടത്താൻ തീരുമാനിച്ചതോടെ ഇരട്ടി ആവേശത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ. വീണ്ടുമൊരിക്കൽ കൂടി ക്യാപ്റ്റൻ എം എസ് ധോണിയുടെ മത്സരങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് സിഎസ്‌കെ ആരാധകർ. ചെന്നൈയിലെത്തി ആരാധകരോട് യാത്രപറയാതെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാനാകില്ലെന്ന് കഴിഞ്ഞ സീസണിൽ എം എസ് ധോണി പറഞ്ഞിരുന്നു.

ചെന്നൈയുടെ തലയാണ് എം എസ് ധോണി. ഐപിഎല്ലിന്‍റെ ആദ്യ സീസൺ മുതൽ നായകൻ. നാല് തവണ കപ്പ്. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ട്രോഫിയും. സിഎസ്‌കെയ്‌ക്ക് നേട്ടങ്ങളേറെ നേടിത്തന്ന പ്രിയ ക്യാപ്റ്റനാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും സിഎസ്കെയ്ക്കൊപ്പം ഇന്നും ധോണിയുണ്ട്. കൊവിഡ് കാലത്ത് തെരഞ്ഞെടുത്ത വേദികളിൽ മാത്രമാണ് ഐപിഎൽ മത്സരങ്ങൾ നടന്നത്. അടുത്ത വർഷം 10 ടീമുകളും ഹോം ആന്‍‌ഡ് എവേ മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാന അസോസിയേഷനുകൾക്കും ഫ്രൈഞ്ചൈസികൾക്കും വിവരം കൈമാറി. 

അതായത് മഞ്ഞക്കുപ്പായക്കാർ ചെന്നൈ ചെപ്പോക്കിലുള്ള തറവാട്ടിലേക്ക് വീണ്ടും എത്തുകയാണ്. ഒരു പക്ഷെ 41 കഴിഞ്ഞ ധോണിയുടെ വിരമിക്കൽ ഐപിഎല്‍ സീസൺ കൂടി ആയേക്കാം അടുത്ത വർഷം. അങ്ങനെയെങ്കിൽ ധോണി ആഗ്രഹിച്ചതുപോലെ ചെന്നൈക്കാ‍ർക്ക് മുമ്പിൽ ഒരു യാത്ര പറച്ചിലായി ഈ സീസൺ മാറും. സമൂഹമാധ്യമങ്ങളിൽ ധോണിയെ സ്വാഗതം ചെയ്തുള്ള സ്നേഹം ചൊരിയുകയാണ് സിഎസ്കെ ആരാധകർ. തലയുടെ തലയെടുപ്പില്‍ വീണ്ടുമൊരു ഐപിഎൽ കിരീടത്തിനായി അവർ കാത്തിരിക്കുന്നു.  

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആവേശക്കാലമാണ് വരാനിരിക്കുന്നത്. ആരാധകരും താരങ്ങളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പുകളിലാണ് ബിസിസിഐ. അടുത്ത വര്‍ഷമാദ്യം പ്രഥമ സീസണ്‍ തുടങ്ങാനാകും എന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. 2020ന് ശേഷം ആദ്യമായി സമ്പൂര്‍ണ ആഭ്യന്തര സീസണ്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമാണ് ബിസിസിഐ. അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ഏകദിന ടൂര്‍ണമെന്‍റ് ഈ സീസണ്‍ മുതല്‍ ആരംഭിക്കുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കും. 

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നു

Latest Videos
Follow Us:
Download App:
  • android
  • ios