ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നു

By Jomit JoseFirst Published Sep 22, 2022, 2:12 PM IST
Highlights

വനിതാ ഐപിഎല്ലിനെ കുറിച്ചും പ്രതീക്ഷാനിര്‍ഭരമായ സൂചനയാണ് സൗരവ് ഗാംഗുലി നല്‍കിയത്

ദില്ലി: ഐപിഎല്‍ കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്‍ 2023 സീസണ്‍ മത്സരങ്ങള്‍ ഹോം-എവേ രീതിയിലാവും എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് അറിയിച്ചത്. നിയുക്ത വേദികളില്‍ 10 ടീമുകളും ഹോം മത്സരങ്ങള്‍ കളിക്കും എന്ന് ഗാംഗുലി വ്യക്തമാക്കി. 

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം 2020 മുതല്‍ ചുരുക്കം വേദികളില്‍ മാത്രമായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. എന്നാല്‍ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമായതോടെ മത്സരങ്ങള്‍ പഴയ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ ശ്രമം. ഇത് ടീമുകള്‍ക്കും ആരാധകര്‍ക്കും ഗുണപരമാകും. 2020ന് ശേഷം ആദ്യമായി സമ്പൂര്‍ണ ആഭ്യന്തര സീസണ്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമാണ് ബിസിസിഐ. 

വനിതാ ഐപിഎല്ലിനെ കുറിച്ചും പ്രതീക്ഷാനിര്‍ഭരമായ സൂചനയാണ് സൗരവ് ഗാംഗുലി നല്‍കിയത്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പുകളിലാണ് ബിസിസിഐ. അടുത്ത വര്‍ഷമാദ്യം പ്രഥമ സീസണ്‍ തുടങ്ങാനാകും എന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി വ്യക്തമാക്കി. 

ഇതിനൊപ്പം മറ്റൊരു ശുഭ വാര്‍ത്തയും ബിസിസിഐ പ്രസിഡന്‍റ് പങ്കുവെച്ചു. അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ഏകദിന ടൂര്‍ണമെന്‍റ് ഈ സീസണ്‍ മുതല്‍ ആരംഭിക്കും. വനിതാ ക്രിക്കറ്റ് ആഗോള തലത്തില്‍ വലിയ വളര്‍ച്ചയാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ വനിതാ ടീമും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മത്സരിക്കാനുള്ള അവസരം ടൂര്‍ണമെന്‍റ് സൃഷ്‌ടിക്കും എന്ന് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു. ബെംഗളൂരു, റാഞ്ചി, രാജ്‌കോട്ട്, ഇന്‍ഡോര്‍, റായ്‌പൂര്‍, പുനെ എന്നിവിടങ്ങളിലായി ഡിസംബര്‍ 26 മുതല്‍ ജനുവരി 12 വരെയാണ് അണ്ടര്‍ 15 വനിതാ ടൂര്‍ണമെന്‍റ് നടക്കുക. 

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ 'തല്ലുമാല', ലാത്തിച്ചാര്‍ജ്

click me!