വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ റൺ ചേസിനിടെ മൂന്നാം ഓവറിലായിരുന്നു സ്കൂപ്പ് സിക്സിലൂടെ ഞെട്ടിച്ചത്.
കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ-8 പോരാട്ടത്തിൽ ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിന്‍റെ പടുകൂറ്റൻ സിക്‌സർ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബ്രൂക്ക് അടിച്ച പന്ത് നേരെ ചെന്ന് പതിച്ചത് സ്റ്റേഡിയത്തിലെ കൂറ്റൻ ഡിജിറ്റൽ സ്‌ക്രീനിലാണ്. പന്ത് കൊണ്ടതിന്‍റെ ആഘാതത്തിൽ സ്‌ക്രീനിന്‍റെ ഒരു ഭാഗം തകരുകയും ചെയ്തു.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ റൺ ചേസിനിടെ മൂന്നാം ഓവറിലായിരുന്നു സ്കൂപ്പ് സിക്സിലൂടെ ഞെട്ടിച്ചത്. മാറ്റ് ഹെൻറിയുടെ പന്തിനെ ഓഫ് സൈഡിലേക്ക് നീങ്ങിനിന്ന് സ്കൂപ്പ് ചെയ്ത ബ്രൂക്ക്, സ്ക്വയർ ലെഗിന് മുകളിലൂടെ പായിക്കുകയായിരുന്നു. ഗാലറിയിലുണ്ടായിരുന്ന വമ്പൻ സ്ക്രീനിൽ പന്ത് കൊണ്ടതോടെ സ്ക്രീനിലെ ഡിസ്പ്ലേയിൽ പൊട്ടലുണ്ടായി. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറുകളിൽ തന്നെ ഫില്‍ സാല്‍ട്ടിന്‍റെയും ജോസ് ബട്‌ലറുടെയും വിക്കറ്റുകൾ നഷ്ടമായതോടെ പ്രതിരോധത്തിലായെങ്കിലും ഹാരി ബ്രൂക്കും (24 പന്തിൽ 26) ജേക്കബ് ബെഥേലും ചേർന്ന് 48 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി കൂട്ടത്തകര്‍ച്ച ഒഴിവാക്കി. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 43 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരിക്കെ റെഹാന്‍ അഹമ്മദും വില്‍ ജാക്സും തകര്‍ത്തടിച്ച് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സെടുത്ത റെഹാൻ അഹമ്മദും ജാക്സും ചേര്‍ന്ന് മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സടിച്ചു. മാറ്റ് ഹെന്‍റി എറിഞ്ഞ അവസാന ഓവറില്‍ 5 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളെടുത്ത ജാക്സും അഹമ്മദും മൂന്നാം പന്തില്‍ ലെഗ് ബൈ ബൗണ്ടറിയിലൂടെ ലക്ഷ്യം കണ്ടു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെൻ ഫിലിപ്‌സ് (39), ടിം സൈഫർട്ട് (35), ഫിൻ അലൻ (29) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇംഗ്ലണ്ടിനോട് തോറ്റതോടെ ന്യൂസിലൻഡിന് സെമിയിലെത്തണമെങ്കിൽ ഇന്ന് നടക്കുന്ന പാകിസ്ഥാൻ-ശ്രീലങ്ക മത്സര ഫലത്തെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കണം.
