ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ.

കൊളംബോ: ടി20 ലോകകപ്പിന്‍റെ സൂപ്പർ-8 പോരാട്ടങ്ങള്‍ നിർണ്ണായകമായ അവസാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് 1-ൽ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് 2-ൽ നിന്ന് ഇംഗ്ലണ്ടും ഇതിനകം സെമി ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് പ്രധാന പോരാട്ടം.

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ. നിലവിൽ ന്യൂസിലൻഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ പാകിസ്ഥാന് ഏകദേശം 65 റൺസിനെങ്കിലും വിജയിക്കുകയോ, അല്ലെങ്കിൽ 13 ഓവറിനുള്ളിൽ ലക്ഷ്യം മറികടക്കുകയോ വേണം.

ഇരു ടീമുകളും സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും തങ്ങളുടെ സെമി മത്സരങ്ങളിൽ വിജയിക്കുകയും ചെയ്താൽ ലോകകപ്പ് ഫൈനലിൽ ഇന്ത്യ-പാക് പോരാട്ടം നടക്കും. നിലവിലെ സാഹചര്യത്തിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഫൈനലില്‍ മാത്രമെ സാധ്യതയുള്ളു.

സാങ്കേതികമായി മാത്രം ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനല്‍ പോരാട്ടത്തിന് നേരിയൊരു സാധ്യത കൂടി അവശേഷിക്കുന്നുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ സിംബാബ്‌വെ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയമായ മാർജിനിൽ തോൽപ്പിക്കുകയും, ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ കൂറ്റൻ സ്കോറിന് പരാജയപ്പെടുത്തുകയും ചെയ്താൽ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തും. പാകിസ്ഥാൻ തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കിൽ സെമി ഫൈനലിൽ തന്നെ ഇന്ത്യ-പാക് പോരാട്ടം നടക്കും.

ഇന്ത്യയും പാകിസ്താനും സെമി ഫൈനലിൽ ഏറ്റുമുട്ടുകയാണെങ്കിൽ ആ മത്സരം കൊളംബോയിൽ വെച്ചായിരിക്കും നടക്കുക. എന്നാൽ ഇന്ത്യയുടെ എതിരാളികൾ മറ്റേതെങ്കിലും ടീമാണെങ്കിൽ മത്സരം മുംബൈയിൽ വെച്ചായിരിക്കും നടക്കുകയെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ഫൈനലിലെത്തിയാൽ ഫൈനൽ വേദിയും കൊളംബോയിലേക്ക് മാറാൻ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക