
മുംബൈ: ടി20 ലോകകപ്പ് ടീമില്‍ നിന്നും ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മാറ്റി നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ചീഫ് സെലക്ടര്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് ജയ്സ്വാളിനെ ഒഴിവാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അതിനുമാത്രം അവനെന്ത് തെറ്റ് ചെയ്തുവെന്നും വെംഗ്സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമഖത്തില്‍ ചോദിച്ചു.
ടി20 ഫോര്‍മാറ്റില്‍ നിങ്ങളെ ആവശ്യമില്ലെന്ന് ഒരു യുവാതാരത്തോട് പറയുന്നത് അയാളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. ജയ്സ്വാളിന്‍റെ കളിയുടെ പ്രത്യേകത തന്നെ അവന്‍റെ ആത്മവിശ്വാസമാണ്. എന്നാല്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമിലിടമില്ലെങ്കില്‍ പിന്നെ എന്താണ് കാര്യമെന്നും വെംഗ്സര്‍ക്കാര്‍ ചോദിച്ചു. ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നു. കാരണം, ഗില്ലിന്‍റെ സമീപകാല പ്രകടനങ്ങള്‍ തന്നെ. ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ ഫസ്റ്റ് ചോയ്സായി ടീമിലെത്തേണ്ടിയിരുന്നത് യശസ്വി ജയ്സ്വാളായിരുന്നു. കാരണം, ഓപ്പണറായി കഴിവുതെളിയിച്ച താരമാണ് ജയ്സ്വാൾ, കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടി. ലോകകപ്പ് ടീമിലെടുക്കുക മാത്രമല്ല, ഫസ്റ്റ് ഇലവനില്‍ അവന് സ്ഥാനം കൊടുക്കുകയും ചെയ്യണമായിരുന്നു. കാരണം, അവന്‍ നല്‍കുന്ന തുടക്കങ്ങള്‍ ടീമിന് അത്രമാത്രം പ്രധാനമാണ്. സെലക്ടറായിരുന്നെങ്കില്‍ ഒഴിവാക്കിയതിനെക്കുറിച്ച് എന്ത് പറയുമായിരുന്നു എന്ന ചോദ്യത്തിന് അങ്ങനെയൊരു ചോദ്യമേ ഉദിക്കുന്നില്ലെന്നും താനായിരുന്നു ചീഫ് സെലക്ടറെങ്കില്‍ ജയ്സ്വാള്‍ ടീമിലുണ്ടാവുമായിരുന്നുവെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുണ്ടായിരുന്ന ജയ്സ്വാളിന് കോലിയും രോഹിത്തും ഓപ്പണര്‍മാരായി ഇറങ്ങിയതോടെ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ടി20 ടീമില്‍ നിന്ന് പുറത്തായ ജയ്സ്വാള്‍ 2024 ജൂലൈയിലാണ് അവസാനം ടി20യില്‍ ഇന്ത്യക്കായി കളിച്ചത്. അഭിഷേക് ശര്‍മ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതും ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുത്തതുമാണ് ജയ്സ്വാളിനെ പുറത്തിരുത്താന്‍ കാരണമായത്. ഗില്‍ പരാജയപ്പെട്ടതോടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഗില്ലിന് മുമ്പ് ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസണെയാണ് ലോകകപ്പ് ടീമില്‍ ഓപ്പണറായി സെലക്ടര്‍മാര്‍ ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!