Asianet News MalayalamAsianet News Malayalam

ഗുവാഹത്തി ഏകദിനത്തിന് തൊട്ടുമുമ്പ് ബുമ്ര എങ്ങനെ പുറത്തായി, എന്താണ് സംഭവിച്ചത്? വിശദീകരിച്ച് രോഹിത്

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്രക്ക് മുന്നിലുള്ള വെല്ലുവിളി

IND vs SL 1st ODI Rohit Sharma reveals whyJasprit Bumrah pullout from Indian squad
Author
First Published Jan 9, 2023, 8:07 PM IST

ഗുവാഹത്തി: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് തൊട്ടുതലേന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ആരാധകര്‍ക്ക് വലിയ സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് വേണ്ടത്ര ഫിറ്റ്‌നസ് കൈവരിക്കും മുമ്പാണോ ബുമ്രയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് ഒരു ചോദ്യം. ഈ ചോദ്യത്തിന് ഗുവാഹത്തി ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മറുപടി നല്‍കി. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചെങ്കിലും മുംബൈയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം പരിശീലനം നടത്തിയപ്പോള്‍ ബുമ്രയുടെ നടുവിന് പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. 'ബുമ്ര പരമ്പരയില്‍ പുറത്തായത് നിര്‍ഭാഗ്യകരമാണ്. എന്‍സിഎയില്‍ കഠിന പരിശ്രമം നടത്തിയാണ് ബുമ്ര പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചുവന്നത്. അദേഹം ബൗളിംഗ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ കഴി‌ഞ്ഞ രണ്ട് ദിവസം മുംബൈയില്‍ നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ നടുവിന് ചെറിയ മസില്‍ പിരിമുറുക്കം അനുഭവപ്പെടുകയായിരുന്നു. വലിയ പരിക്കല്ല, ചെറിയൊരു മസില്‍ പിരിമുറുക്കം മാത്രമാണ് ബുമ്രക്കുള്ളത്. ലോകകപ്പിന് മുമ്പ് വലിയൊരു പരിക്കേറ്റതിനാല്‍ ബുമ്രയുടെ കാര്യത്തില്‍ വലിയ ജാഗ്രത പാലിക്കുകയാണ്. അതുകൊണ്ട് മാത്രമാണ് താരത്തെ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്' എന്നും വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ്മ വ്യക്താക്കി. 

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്രക്ക് മുന്നിലുള്ള വെല്ലുവിളി. ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്ക് പുറമെ ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകളും ബുമ്രക്ക് നഷ്‌ടമാകാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി 20കളുമാണ് പരമ്പരയിലുള്ളത്. ലങ്കയ്ക്ക് എതിരെ ബുമ്രക്ക് കളിക്കാനാവില്ലെന്ന് ബിസിസിഐ ഇന്നാണ് അറിയിച്ചത്. ഗുവാഹത്തിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനിരുന്ന ബുമ്രക്ക് കുറച്ച് സമയം കൂടി വേണം എന്നാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ലങ്കയ്ക്കെതിരായ ഏകദിനങ്ങള്‍ക്ക് ആദ്യം ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബുമ്രയുടെ പേരില്ലായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തത് ചൂണ്ടിക്കാണിച്ച് പിന്നീട് താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തിന് ഒരു ദിവസം മാത്രം മുമ്പ് താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതായി അപ്രതീക്ഷിതമായി ബിസിസിഐ ഇന്ന് അറിയിച്ചു. 

ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനം; സഹ ഓപ്പണറെ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ, സൂപ്പര്‍ ഹീറോ പുറത്തിരിക്കണം!

Follow Us:
Download App:
  • android
  • ios