
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി ന്യൂബോളെുടുത്തത്. പാണ്ഡ്യക്കൊപ്പം ന്യൂബോളെറിയാനെത്തിയ ബുമ്രയെ പാക് ഓപ്പണര്‍മാരായ ഫഖര്‍ സമനും സാഹിബ്സാദാ ഫര്‍ഹാനും അനായാസമാണ് നേരിട്ടത്. പാകിസ്ഥാനെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ ബുമ്രക്കെതിരെ രണ്ട് സിക്സ് പറത്തിയ സാഹിബ്സാദ ഫര്‍ഹാന്‍ തന്നെയായിരുന്നു ഇത്തവണയും ബുമ്രയെ നിഷ്പ്രഭനാക്കിയത്.
പവര്‍ പ്ലേയിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയ ബുമ്ര രണ്ടാം ഓവറില്‍ നോ ബോള്‍ അടക്കം 10 റണ്‍സ് വഴങ്ങി. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി അടക്കം 13 റണ്‍സാണ് ഷാഹിബ്സാദ സര്‍ദാന്‍ അടിച്ചെടുത്തത്. പവര്‍ പ്ലേയില്‍ മാത്രം ബുമ്രക്കെതിരെ ഫര്‍ഹാന്‍ നാലി ബൗണ്ടറി അടിച്ചപ്പോള്‍ ഫഖർ സമനും ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി നേടി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ബുമ്ര മൂന്നോവറില്‍ 34 റണ്‍സാണ് വഴങ്ങിയത്.
കരിയറിലാദ്യമായാണ് ബുമ്ര പവര്‍ പ്ലേയില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്. 2015ല്‍ തന്‍റെ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നോവറില്‍ 31 റണ്‍സ് വഴങ്ങിയതായിരുന്നു ബുമ്രയുടെ ഇതുവരെയുള്ള മോശം ബൗളിംഗ് പ്രകടനം. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടോവറില്‍ 27 റണ്‍സും 2016ല്‍ ഓസ്ട്രേലിയക്കെതിരെ രണ്ടോവറില്‍ 26 റണ്‍സും 2017ല്‍ ഓസ്ട്രേലിയക്കെതിരെ മൂന്നോവറില്‍ 25 റണ്‍സും വഴങ്ങിയതായിരുന്നു പവര്‍പ്ലേയിലെ അതിനുശേഷമുള്ള മോശം ബൗളിംഗ് പ്രകടനങ്ങള്‍. 2017നുശേഷം ഒരു ടീമും ബുമ്രക്കെതിരെ പവര്‍ പ്ലേയില്‍ 25 റണ്‍സിലേറെ നേടിയിട്ടില്ല.
ഇതിന് പുറമെ തന്‍റെ അവസാന ഓവറില്‍ 11 റണ്‍സ് കൂടി വഴങ്ങിയ ബുമ്ര മത്സരത്തിലാകെ നാലോവറില്‍ 45 റണ്‍സ് വഴങ്ങി. ഒര ദശകം നീണ്ട ബുമ്രയുടെ ടി20 കരിയറിലെ മൂന്നാമത്തെ മോശം ബൗളിംഗ് പ്രകടനമാണിത്. 2022ല്‍ ഓസ്ട്രേലിയക്കെതിരെ നാലോവറില്‍ 50 റണ്‍സ് വഴങ്ങിയതാണ് ബുമ്രയുടെ കരിയറിലെ മോശം ബൗളിംഗ് പ്രകടനം. 73 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബുമ്ര കരിയറിലാകെ അഞ്ച് തവണ മാത്രമെ 40ലേറെ റണ്‍സ് വഴങ്ങിയിട്ടുള്ളു. 2024 ടി20 ലോകകപ്പിനുശേഷം ആദ്യമായാണ് ബുമ്ര ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക