
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം 11 കോടിയോളം രൂപ സ്റ്റേഡിയത്തിനായി മുടക്കിയിട്ടുണ്ട്. കൂടാതെ 1 കോടി രൂപ ജിസിഡിഎക്ക് കരുതല്‍ നിക്ഷേപമായും നല്‍കി. ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎക്ക് കത്ത് നല്‍കിയിരിക്കുന്നത്.
കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത് . നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നത്.
കോഴിക്കോട് സ്‌റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്സ് തീരുമാനിച്ച സാഹചര്യത്തില്‍ ഐഎസ്എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്ന് കെസിഎ പ്രസിഡന്റ് സജന്‍ വര്‍ഗീസ് സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍ എന്നിവര്‍ അറയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!