
അഹമ്മദാബാദ്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ റെയില്‍വേസിനെ തകര്‍ത്ത് കേരളം. നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഉജ്ജ്വലമായി തിരിച്ചു വന്നായിരുന്നു കേരളം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 49.2 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെയില്‍വേസിന് മുന്‍ നിര ബാറ്റര്‍മാര്‍ നല്കിയ മികച്ച തുടക്കമാണ് കരുത്ത് പകര്‍ന്നത്. അഞ്ചിത് യാദവും ജയന്ത് കയ്വര്‍ത്തും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത ജയന്തിനെ അഭിറാമാണ് പുറത്താക്കിയത്. തുടര്‍ന്ന് അഞ്ചിത് യാദവും അഭിഷേക് കൗശലും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 125 റണ്‍സ് പിറന്നു. അഞ്ചിത് യാദവിനെ പുറത്താക്കി അഭിറാം തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. 72 പന്തില്‍ 80 റണ്‍സ് നേടിയ അഞ്ചിത് ആണ് റെയില്‍വേസിന്റെ ടോപ് സ്‌കോറര്‍.
എന്നാല്‍ ഒന്‍പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായത് റെയില്‍വേസിന് തിരിച്ചടിയായി.53 റണ്‍സെടുത്ത അഭിഷേക് കൗശലും ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ ഗോയലും റണ്ണൌട്ടിലൂടെയാണ് പുറത്തായത്. വൈഭവ് പാണ്ഡെയെയും തൌഫീഖ് ഉദ്ദിനെയും ആദിത്യ ബൈജു പുറത്താക്കിയപ്പോള്‍ ധര്‍മ്മേന്ദ്ര ഥാക്കൂറിനെ പവന്‍ രാജും മടക്കി. ഇതോടെ ഒരു വിക്കറ്റിന് 180 റണ്‍സെന്ന നിലയില്‍ നിന്ന് ഏഴ് വിക്കറ്റിന് 189 റണ്‍സിലേക്ക് കൂപ്പുകുത്തുകയായിരുന്നു റെയില്‍വേസ്. ഏഴാമനായി ഇറങ്ങി 42 റണ്‍സ് നേടിയ വിരാട് ജയ്‌സ്വാളിന്റെ പ്രകടനമാണ് റെയില്‍വേസിന്റെ സ്‌കോര്‍ 266ല്‍ എത്തിച്ചത്. കേരളത്തിന് വേണ്ടി അഭിറാം മൂന്നും ആദിത്യ ബൈജുവും പവന്‍ രാജും രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 41 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒമര്‍ അബൂബക്കര്‍ 18 റണ്‍സെടുത്തപ്പോള്‍ ഗോവിന്ദ് ദേവ് പൈയും ക്യാപ്റ്റന്‍ രോഹന്‍ നായരും റണ്ണൊന്നുമെടുക്കാതെ മടങ്ങി. നാലാം വിക്കറ്റില്‍ കൃഷ്ണനാരായണും ഷോണ്‍ റോജറും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. ഇരുവരും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 54 റണ്‍സെടുത്ത കൃഷ്ണനാരായണ്‍ തൌഫീഖ് ഉദ്ദീന്റെ പന്തില്‍ പുറത്തായി.
തുടര്‍ന്നെത്തിയ ഷോണ്‍ റോജറും പവന്‍ ശ്രീധറും ചേര്‍ന്നുള്ള കൂട്ടുകെട്ടും കേരളത്തിന് കരുത്തായി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. 70 റണ്‍സെടുത്ത ഷോണ്‍ റോജറെ ദമന്‍ദീപ് സിങ് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഷോണ്‍ റോജര്‍ പുറത്താകുമ്പോള്‍ 69 പന്തുകളില്‍ നിന്ന് 88 റണ്‍സായിരുന്നു കേരളത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ അനായാസം ബാറ്റ് വീശിയ പവന്‍ ശ്രീധറും സഞ്ജീവ് സതീശനും ചേര്‍ന്ന് കേരളത്തിന് വിജയം ഒരുക്കുകയായിരുന്നു. 57 പന്തുകളില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. പവന്‍ ശ്രീധര്‍ 56 പന്തുകളില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമടക്കം 71 റണ്‍സെടുത്തു. സഞ്ജീവ് സതീശന്‍ 29 പന്തുകളില്‍ നിന്ന് 38 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയത്തിന് മൂന്ന് റണ്‍സകലെ പവന്‍ ശ്രീധര്‍ പുറത്തായെങ്കിലും 11 പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. റെയില്‍വേസിന് വേണ്ടി ജംഷേദ് ആലം നാല് വിക്കറ്റ് വീഴ്ത്തി.