
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് കൂറ്റന്‍ സ്‌കോര്‍. കരുണ്‍ നായര്‍ (233), ആര്‍ സ്മരണ്‍ (പുറത്താവാതെ 222) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് 586 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിന് വേണ്ടി ബേസില്‍ എന്‍ പി രണ്ട് വിക്കറ്റ് വീഴ്ത്തി. പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്നിന് 21 എന്ന നിലയിലാണ് കേരളം. വിദ്വത് കവേരപ്പയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
തുടര്‍ന്ന് മറുപടി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. കൃഷ്ണപ്രസാദിനൊപ്പം നൈറ്റ് വാച്ച്മാനായി ബേസിലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. നാല് റണ്‍സെടുത്ത കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. വൈശാഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. തുടര്‍ന്നെത്തിയ നിധീഷ് എം ഡിയും വൈശാഖ് ചന്ദ്രനും അക്കൌണ്ട് തുറക്കാതെ മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്. കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സോടെ ബേസിലും ആറ് റണ്‍സോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.
നേരത്തെ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണാടക രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയത്. കരുതലോടെ ബാറ്റിംഗ് തുടര്‍ന്ന കരുണ്‍ നായരും ആര്‍ സ്മരണും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കിയ കര്‍ണാടക ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 409 റണ്‍സെന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷവും മികച്ച ബാറ്റിംഗ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് 343 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
ഇതിനിടയില്‍ കരുണ്‍ നായര്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. 233 റണ്‍സെടുത്ത കരുണിനെ ബേസില്‍ എന്‍ പിയാണ് പുറത്താക്കിയത്. 25 ബൌണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കരുണ്‍ നായരുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ അഭിനവ് മനോഹര്‍ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ആര്‍ സ്മരണ്‍ വൈകാതെ ഇരട്ട സെഞ്ച്വറി തികച്ചു. 20 റണ്‍സെടുത്ത അഭിനവ് മനോഹറെ വൈശാഖ് ചന്ദ്രന്‍ പുറത്താക്കി. ഏഴാമനായെത്തിയ ശ്രേയസ് ഗോപാലും സ്മരണും അനായാസം ബാറ്റ് ചെയ്ത് മുന്നേറുമ്പോഴാണ് കര്‍ണ്ണാടക ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
സ്മരണ്‍ 220ഉം ശ്രേയസ് ഗോപാല്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 16 ബൌണ്ടറികളും മൂന്ന് സിക്‌സുമടക്കമാണ് സ്മരണ്‍ 220 റണ്‍സ് നേടിയത്. കേരളത്തിന് വേണ്ടി ബേസില്‍ എന്‍ പി രണ്ടും നിധീഷ്, വൈശാഖ് ചന്ദ്രന്‍,ബാബ അപരാജിത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!