
ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയില്‍ കേരളത്തെ തകര്‍ത്ത് പഞ്ചാബ്. ഒരിന്നിങ്‌സിനും 37 റണ്‍സിനുമായിരുന്നു പഞ്ചാബിന്റെ വിജയം. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടര്‍ന്ന് 236 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 199 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റന്‍ വിജയം സ്വന്തമാക്കിയത്.
അവസാന ദിവസം കളി തുടങ്ങുമ്പോള്‍ ആറ് വിക്കറ്റിന് 131 റണ്‍സെന്ന നിലയിലായിരുന്നു കേരളം. നാല് വിക്കറ്റ് ശേഷിക്കെ 105 റണ്‍സായിരുന്നു ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടത്. എന്നാല്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ച് നിന്ന അഭിജിത് പ്രവീണൊഴികെ മറ്റാര്‍ക്കും ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല. വിജയ് വിശ്വനാഥും കൈലാസ് ബി നായരും ചെറുത്തുനില്പിന് ശ്രമം നടത്തി. 78 പന്തുകള്‍ നേരിട്ട വിജയ് ഏഴ് റണ്‍മായി മടങ്ങി. 45 പന്തുകളില്‍ നിന്ന് നാല് റണ്‍സെടുത്ത് കൈലാസും പുറത്തായി.
തുടര്‍ന്നെത്തിയ അനുരാജും പവന്‍രാജും ചെറിയ സ്‌കോറുകളില്‍ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സിന് അവസാനമായി. ഒരറ്റത്ത് 74 റണ്‍സുമായി അഭിജിത് പ്രവീണ്‍ പുറത്താകാതെ നിന്നു. പത്ത് ബൌണ്ടറികള്‍ അടങ്ങുന്നതായിരുന്നു അഭിജിത്തിന്റെ ഇന്നിങ്‌സ്. അഭിജിത്ത് തന്നെയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിന് വേണ്ടി ഹര്‍ജാസ് സിങ് ടണ്ഡന്‍, ഇമന്‍ജ്യോത് സിങ് ചഹല്‍, ഹര്‍ഷദീപ് സിങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.