
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെിരെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരം രാവിലെ 9.30 മുതല്‍ ജിയോഹോട്സ്റ്റാറില്‍ തത്സമയം കാണാനാകും. ജമ്മു കശ്മീരിനെതിരായ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങന്നത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇന്നിറങ്ങുന്നു.
അഹമ്മദാബാദില്‍ ഈ രഞ്ജി സീസണില്‍ നടന്ന മൂന്ന് കളികളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം രണ്ട് തവണ ജയിച്ചപ്പോള്‍ ഒരു തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമിനായിരുന്നു ജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ആദ്യ രണ്ട് ദിനങ്ങളില്‍ ബാറ്റിംഗിനെയും പേസര്‍മാരെയും തുണക്കുന്നതാണ് ഈ സീസണില്‍ കണ്ടത്. അവസാന മൂന്ന് ദിനം സ്പിന്നര്‍മാര്‍ക്ക സഹയാകരമാകും. ഈ സാഹചര്യത്തില്‍ നിര്‍ണായക ടോസ് നേടിയത് കേരളത്തിന് മുന്‍തൂക്കം നല്‍കുന്നു.
രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ഇതിന് മുന്‍പ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് വിദര്‍ഭയായിരുന്നു എതിരാളികള്‍. കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിയ്ക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമില്‍ ആണെന്നുള്ളത് കേരളത്തിന്‍റെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോൽപിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്.
ഗുജറാത്ത് പ്ലേയിംഗ് ഇലവൻ: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിംഗ്‌രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ(ക്യാപ്റ്റൻ), വിശാൽ ജയ്‌സ്വാൾ, രവി ബിഷ്‌നോയ്, അർസൻ നാഗ്വാസ്‌വല്ല, പ്രിയജിത്‌സിംഗ് ജഡേജ.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്‌സേന, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, എം.ഡി. നിധീഷ്, എന്‍ പി ബേസിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!