
ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം. ലക്‌നൗവില്‍ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (15 പന്തില്‍ 43), രോഹന്‍ കുന്നുമ്മല്‍ (17 പന്തില്‍ 33) എന്നിവര്‍ നല്‍കിയ തുടക്കമാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്. സല്‍മാന്‍ നിസാര്‍ (16), വിഷ്ണു വിനോദ് (22) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢ് 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അമന്‍ദീപ് ഖാരെ (41), സഞ്ജിത് ദേശായ് (35) എന്നിവര്‍ മാത്രമാണ് ഛത്തീസ്ഗഡ് നിരയില്‍ തിളങ്ങിയത്. കേരളത്തിന് വേണ്ടി കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശര്‍മ, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ മാത്രമാണ് ഛത്തീസ്ഗഡിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചു. സഞ്ജുവിനെ രവി കിരണ്‍ പുറത്താത്തുകയായിരുന്നു. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ സഞ്ജു നല്‍കിയ ഒരു അനായാസ ക്യാച്ച് ഛത്തീസ്ഗഡ് ഫീല്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ രോഹനും മടങ്ങി. 17 പന്തുകള്‍ നേരിട്ട രോഹന്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. രോഹന്‍ പുറത്തായെങ്കിലും വിഷ്ണു - സല്‍മാന്‍ സഖ്യം കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.
ഛത്തീസ്ഗഢ് നിരയില്‍ അമന്‍ദീപ്, സഞ്ജീത് എന്നിവര്‍ക്ക് പുറമെ ശശാങ്ക് ചന്ദ്രകര്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ആയുഷ് പാണ്ഡെ (0), ശശാങ്ക് (0), അജയ് മണ്ഡല്‍ (1), പ്രതീക് യാദവ് (4), ആനന്ദ് റാവു (3), ശുഭം അഗര്‍വാള്‍ (6), രവി കിരണ്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സൗരഭ് മജുംദാര്‍ (3) പുറത്താവാതെ നിന്നു.
കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്ത്, അങ്കിത് ശര്‍മ്മ, ഷറഫുദ്ദീന്‍, സല്‍മാന്‍ നിസാര്‍, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍, കെ എം ആസിഫ്.
ഛത്തീസ്ഗഢ്: ആയുഷ് പാണ്ഡെ, അമന്‍ദീപ് ഖരെ (ക്യാപ്റ്റന്‍), ശശാങ്ക് ചന്ദ്രകര്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, അജയ് ജാദവ് മണ്ഡല്, സഞ്ജീത് ദേശായി, ആനന്ദ് റാവു, ശുഭം അഗര്‍വാള്‍, പ്രതീക് യാദവ്, രവി കിരണ്‍, സൗരഭ് മജുംദാര്‍.