ഗുജറാത്തിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത, ടൈറ്റൻസിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തിരിപ്പ്

Published : May 16, 2026, 11:40 PM ISTUpdated : May 16, 2026, 11:43 PM IST
Shubman Gill

Synopsis

തോല്‍വിയോടെ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന ഹോം മത്സരം വരെ കാത്തിരിക്കണം.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 248 റൺസിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിനായി 49 പന്തില്‍ 85 റണ്‍സെടുത്ത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും 35 പന്തില്‍ 57 റണ്‍സെടുത്ത് ജോസ് ബട്‌ലറും 28 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനും പൊരുതിയെങ്കിലും 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. 

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ൻ നാലോവറില്‍ 29 റണ്‍സിന് 2 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി. തോല്‍വിയോടെ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന ഹോം മത്സരം വരെ കാത്തിരിക്കണം. അതേസമയം ജയത്തോടെ 11 മത്സരങ്ങളില്‍ 11 പോയിന്‍റുമായി കൊല്‍ക്കത്ത പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 247-2, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 218-4.

248 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് സായ് സുദര്‍ശനും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മതീഷ പതിരാന എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ സായ് സുദര്‍ശന്‍ ഇടത് കൈമുട്ടിന് പരിക്കേറ്റ് മടങ്ങിയത് ഗുജറാത്തിന് തിരിച്ചടിയായി. മൂന്നാം നമ്പറിലിറങ്ങിയ നിഷാന്ത് സിന്ധുവിനെ സുനില്‍ നരെയ്ന്‍ അ‍ഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പുറത്താക്കിയതോടെ ഗുജറാത്തിന്‍റെ തുടക്കം പാളി.

 

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ജോസ് ബട്‌ലറും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മതീഷ പതിരാന ഒരു പന്ത് എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തകക് പ്രഹരമായി. പവര്‍ പ്ലേയില്‍ ഗുജറാത്ത് 56 റണ്‍സ് നേടി. എട്ടാം ഓവറില്‍ അനുകൂല്‍ റോയിക്കെതിരെ രണ്ട് സിക്സും ഫോറും പറത്തിയ ഗില്‍ ഗിയര്‍ മാറ്റിയെങ്കിലും ബട്‌ലര്‍ താളം കണ്ടെത്താന്‍ പാടുപെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. പത്തോവറില്‍ ഗുജറാത്ത് 100 കടന്നു. പതിനൊന്നാം ഓവറില്‍ 31 പന്തിൽ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. പതിനാലാം ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് സിക്സും രണ്ട് ഫോറും പറത്തി ഗില്‍ 22 റണ്‍സെടുത്ത ഗില്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. പിന്നാലെ കാര്‍ത്തിക് ത്യാഗിക്കെതിരെ സിക്സും ഫോറും പറത്തിയ ബട്‌ലര്‍ 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.

 

എന്നാല്‍ പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ(49 പന്തില്‍ 85) വീഴ്ത്തിയ സുനില്‍ നരെയ്ൻ ഗുജറാത്തിന്‍റെ പ്രതീക്ഷ കെടുത്തി. 73 പന്തില്‍ 128 റണ്‍സാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്‍-ബട്‌ലര്‍ സഖ്യം അടിച്ചെടുത്തത്. ഗില്‍ മടങ്ങിയതിന് പിന്നാലെ സായ് സുദര്‍ശന്‍ വീണ്ടും ക്രീസിലിറങ്ങി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഗുജറാത്തിന് ലക്ഷ്യത്തിലെത്താനായില്ല. പത്തൊമ്പതാം ഓവറില്‍ 35 പന്തില്‍ 57 റണ്‍സെടുത്ത ബട്‌ലറെ മടക്കി സൗരഭ് ദുബെ കൊല്‍ക്കത്തയുടെ ജയം ഉറപ്പിച്ചു.

 

നേരത്തെ ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഫിന്‍ അലന്‍റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തത്. 35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈഡനെ വിറപ്പിച്ച് ഫിന്‍ അലൻ വെടിക്കെട്ട്, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്തിന് കൊല്‍ക്കത്തക്കെതിരെ കൂറ്റൻ വിജയലക്ഷ്യം
'ചീട്ടുകീറിയുള്ള ആഘോഷം നിരോധിക്കണം'; ഐപിഎല്ലിലെ പേപ്പർ സെലിബ്രേഷനെതിരെ റായുഡുവും സ്റ്റെയ്‌നും