ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 27 മത്സരങ്ങളില്‍ 36.47 ശരാശരിയില്‍ 693 റണ്‍സ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്.
മുംബൈ:ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഡല്‍ഹി താരം ആയുഷ് ബദോനിയെ ഇന്ത്യൻ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ ആസാമാന്യ പ്രകടനങ്ങളൊന്നും നടത്തിയിട്ടുള്ള താരമല്ല ബദോനിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററായിരിക്കെയാണ് ബദോനി ഐപിഎല്ലില്‍ ലക്നൗവിനായി കളിക്കുന്നത്. ലക്നൗ ടീമിലുള്ളപ്പോഴെ ബദോനി ഗംഭീറിന്‍റെ പ്രിയപ്പെട്ടവനായിരുന്നുവെന്നാണ് വിമര്‍ശകർ ചൂണ്ടിക്കാട്ടുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 27 മത്സരങ്ങളില്‍ 36.47 ശരാശരിയില്‍ 693 റണ്‍സ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്. 22 വിക്കറ്റുകളും ബദോനി നേടി. വാഷിംഗ്ടണ്‍ സുന്ദറിന് പകരം പരിഗണിക്കാവുന്ന ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് ബദോനിയെ ടീമിലെടുത്തതെന്ന വാദമുണ്ടെങ്കിലും സുന്ദര്‍ ബൗളിംഗ് ഓള്‍ റൗണ്ടറും ബദോനി ബാറ്റിംഗ് ഓള്‍ റൗണ്ടറുമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സുന്ദറിനെപ്പോലെ ബദോനി സ്പെഷ്യലിസ്റ്റ് സ്പിന്നറല്ലെന്നും പാര്‍ട് ടൈം സ്പിന്നര്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകര്‍ ഗംഭീറിന്‍റെ ഇഷ്ക്കാരനയതിനാലാണ് ബദോനി ടീമിലെത്തിയതെന്നും വിമര്‍ശിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞ് റിഷഭ് പന്തിനെയും ഇപ്പോള്‍ സുന്ദറിന് പരിക്കേറ്റപ്പോള്‍ ബദോനിയെയും ടീമിലെടുത്തത് ഫേവറ്റൈറ്റിസമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റിഷഭ് പന്തും ആയുഷ് ബദോനിയും ഗംഭീറിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള താരങ്ങളാണെന്നതും ശ്രദ്ധേയമാണ്.
വിജ് ഹസാരെ ട്രോഫിയില്‍ റണ്ണടിച്ചുകൂട്ടുന്ന ദേവ്ദത്ത് പടിക്കലിനെയോ റുതുരാജ് ഗെയ്ക്‌വാദിനെയോ സെലക്ടര്‍മാര്‍ ഇത്തവണയും പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച മൂന്ന് കളികളില്‍ എട്ട് റണ്‍സ് ശരാശരിയില്‍ 16 റണ്‍സ് മാത്രമാണ് ബദോനി ഈ സീസണില്‍ നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ റിഷബ് പന്തിന് കീഴില്‍ ഡല്‍ഹി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു ബദോനി. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ 148.19 സ്ട്രൈക്ക് റേറ്റില്‍ 329 റണ്‍സെടുത്ത ബദോനി രണ്ട് വിക്കറ്റും നേടി.
ബദോനിയെ ടീമിലെടുത്തതിനെതിരെ മുന്‍ താരം പ്രിയങ്ക് പഞ്ചാലും പരസ്യമായി രംഗത്തെത്തി. ബദോനിക്ക് രാജ്യാന്തര താരങ്ങള്‍ക്കെതിരെ മികവ് കാട്ടാനുള്ള പ്രതിഭയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പ്രിയങ്ക് പഞ്ചാല്‍ പറഞ്ഞു. അതേസമയം, ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ബദോനി ബൗളിംഗ് മെച്ചപ്പെടുത്തുകയാണെന്നും ഓരോ പരിശീല സെഷനിലും 30 പന്തുകള്‍ വീതും ബദോനി ബൗള്‍ ചെയ്യുന്നുണ്ടെന്നും ഡല്‍ഹി പരിശീലകന്‍ ശരണ്‍ദീപ് സിംഗ് പറഞ്ഞു.


