
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മിനി താരലേലത്തിനെത്തുക 64.3 കോടിയുമായി. 13 താരങ്ങളെ ഇനിയും അവര്‍ക്ക് വേണം. കഴിഞ്ഞ തവണ 23.75 കോടിക്ക് കൊല്‍ക്കത്ത വിളിച്ചെടുത്ത വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത ഒഴിവാക്കി. 12 കോടി പ്രതിഫലമുുള്ള ആന്ദ്രേ റസ്സലിനേയും കൊല്‍ക്കത്ത കൈവിട്ടു. വിക്കറ്റ് കീപ്പര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (3.6 കോടി), റഹ്മാനുള്ള ഗുര്‍ബാസ് (2), മൊയീന്‍ അലി (2 കോടി), സ്‌പെന്‍സണ്‍ ജോണ്‍സണ്‍, ആന്റിച്ച് നോര്‍ജെ, ലുവിന്ത് സിസോഡിയ എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ റിങ്കു സിംഗ്, മനീഷ് പാണ്ഡെ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നീ പ്രമുഖരെല്ലാം സ്ഥാനം നിലനില്‍ത്തി.
അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മലയാളി താരം സച്ചിന്‍ ബേബിയെ ഒഴിവാക്കി. 25.50 കോടിയുമായിട്ടാണ് ഹൈദരാബാദ് താരലേലത്തിനെത്തുക. നേരത്തെ മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നല്‍കിയിരുന്നു. വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, ആഡം സാംപ എന്നിവരാണ് ഒഴിവാക്കപ്പെട്ട് പ്രമുഖര്‍. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ബ്രൈഡണ്‍ കാര്‍സെ എന്നിവരെയൊക്കെ നിലനിര്‍ത്തി.
അതേസമയം, മുംബൈ ഇന്ത്യന്‍സ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി. മുംബൈ ലേലത്തിനെത്തുക 2.75 കോടിയുമായിട്ടാണ്. നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നല്‍കിയിരുന്നു. സത്യനാരായണ, റീസെ ടോപ്ലി, കെ എല്‍ ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബ് റഹ്മാന്‍ (രണ്ട് കോടി), ലിസാര്‍ഡ് വില്യംസ് (0.75 കോടി) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍.
അഞ്ച് താരങ്ങളെയാണ് ഇനി മുംബൈക്ക് വേണ്ടത്. അതിലൊന്ന് ഓവര്‍സീസ് സ്ലോട്ടാണ്. നേരത്തെ ഷെഫാനെ റുതര്‍ഫോര്‍ഡ്, ഷാര്‍ദുല്‍ താക്കൂല്‍, മായങ്ക് മര്‍കണ്ഡെ എന്നിവരെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുമ്ര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം തുടരും. അതേസമയം, 16.40 കോടിയുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ലേലത്തിനെത്തുക. എട്ട് താരങ്ങളെ അവര്‍ക്ക് ഇനി സ്വന്തമാക്കേണ്ടതുണ്ട്. അതില്‍ രണ്ട് ഓവര്‍സീസ് താരങ്ങളാണ്.