
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലില്‍. തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് സെയ്‌ലേഴ്‌സ് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 17.1 ഓവറില്‍ 86 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അമല്‍, അജയ്‌ഘോഷ്, വിജയ് വിശ്വനാഥ്, പവന്‍ രാജ് എന്നിവരാണ് ടൈറ്റന്‍സിനെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ആനന്ദ് കൃഷ്ണനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയ്‌ലേഴ്‌സ് 9.5 ഓവറില്‍ ലക്ഷ്യം മറികടന്നു. അമലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
സെയ്‌ലേഴ്‌സിന് വേണ്ട് ഭരത് സൂര്യ (56), അഭിഷേക് നായര്‍ (32) പുറത്താവാതെ നിന്നു. 31 പന്തുകള്‍ നേരിട്ട ഭരത് മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. അഭിഷേകിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു. നേരത്തെ, ടൈറ്റന്‍സ് ബാറ്റിങ് നിരയ്ക് എല്ലാം പിഴച്ചൊരു ദിവസമായിരുന്നു. ആദ്യ വിക്കറ്റ് തന്നെ ഭാഗ്യം ടൈറ്റന്‍സിനൊപ്പമല്ലെന്ന സൂചന നല്കി. അഹ്മദ് ഇമ്രാന്റെ ബാറ്റില്‍ കൊണ്ട് ഉയര്‍ന്ന പന്ത്, ദേഹത്ത് തട്ടിയുരുണ്ട് നീങ്ങി സ്റ്റമ്പിലേക്ക്. രണ്ട് ഉജ്ജ്വലമായ ഫോറുകളുമായി മികച്ചൊരു തുടക്കമിട്ട ശേഷമായിരുന്നു ഇമ്രാന്റെ (13) മടക്കം.
അടുത്തത് ക്യാപ്റ്റന്‍ ഷോണ്‍ റോജറുടെ ഊഴമായിരുന്നു. ഒരു ബൌണ്ടറിയോടെ തുടക്കമിട്ട ഷോണ്‍ റോജറെ (7) അമലാണ് പുറത്താക്കിയത്. നിലയുറപ്പിച്ചെന്ന് തോന്നിച്ച ആനന്ദ് കൃഷ്ണനും ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താകുമ്പോള്‍ തൃശൂരിന്റെ തകര്‍ച്ചയുടെ തുടക്കമായി. അക്ഷയ് മനോഹര്‍ (6), അജു പൌലോസ് (5), സിബിന്‍ ഗിരീഷ് (6), എ കെ അര്‍ജുന്‍ (6), വരുണ്‍ നായനാര്‍ (4) എന്നിവരൊക്കെ വന്നത് പോലെ മടങ്ങി. ഇമ്രാനും ആനന്ദ് കൃഷ്ണനുമൊഴികെ ആര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയ്‌ലേഴ്‌സിനെ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ തൃശൂരിന്റെ ബൌളിങ് നിരയ്ക്കായില്ല. കരുതലോടെ തുടങ്ങിയ സെയ്‌ലേഴ്‌സിന്റെ ഓപ്പണര്‍മാര്‍ പിന്നീട് മികച്ച ഷോട്ടുകളിലൂടെ അനായാസം റണ്ണുയര്‍ത്തി.