Latest Videos

ലാന്‍സ് ക്ലൂസ്‌നര്‍ പരിശീലകനായി ഇന്ത്യയിലേക്ക്; സ്വന്തമാക്കിയത് ത്രിപുര ക്രിക്കറ്റ് ടീം

By Web TeamFirst Published Jun 1, 2023, 3:29 PM IST
Highlights

പുതിയ പരിശീലകനായുള്ള ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍റെ പരസ്യത്തിലേക്ക് നിരവധി മുന്‍ താരങ്ങള്‍ അപേക്ഷിച്ചിരുന്നു

അഗര്‍ത്തല: ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍ ത്രിപുര ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകുന്നു. വരും രഞ്ജി സീസണിന് മുന്നോടിയായാണ് പ്രോട്ടീസ് മുന്‍ സൂപ്പര്‍ താരം ത്രിപുര ടീമിന്‍റെ ഭാഗമാകുന്നത്. ജൂണ്‍ രണ്ടിന് കൊല്‍ക്കത്തയിലെത്തുന്ന ലാന്‍സ് ക്ലൂസ്‌നര്‍ അടുത്ത ദിവസം അഗര്‍ത്തലയിലേക്ക് തിരിക്കും. 

പുതിയ പരിശീലകനായുള്ള ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍റെ പരസ്യത്തിലേക്ക് നിരവധി മുന്‍ താരങ്ങള്‍ അപേക്ഷിച്ചിരുന്നു. ലാന്‍സ് ക്ലൂസ്‌നറിന് പുറമെ മുന്‍ ഓസീസ് താരവും ലങ്കന്‍ കോച്ചുമായിരുന്ന ദേവ് വാട്‌മോറും അപേക്ഷകരായുണ്ടായിരുന്നു. 100 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ലാന്‍സ് ക്ലൂസ്‌നറുടെ നിയമനം. 'ഞങ്ങള്‍ ദേവ് വാട്‌മോറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില കാരണങ്ങളാല്‍ അദേഹത്തിന് സമ്മതം പറയാനായില്ല. ഇതോടെയാണ് ക്ലൂസ്‌നറുമായി സംസാരിച്ച് തുടങ്ങിയത്. നൂറ് ദിവസത്തെ കരാറില്‍ എത്തിച്ചേരാന്‍ ഇതിലൂടെ വഴിയൊരുങ്ങുകയായിരുന്നു' എന്നും ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് തിമിര്‍ ചന്ദ പറഞ്ഞു. 

ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പരിശീലകനാണ് നിലവില്‍ ലാന്‍സ് ക്ലൂസ്‌നര്‍. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും ചുമതല വഹിച്ചിട്ടുണ്ട്. 2021 ട്വന്‍റി 20 ലോകകപ്പ് സമയത്ത് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനവും ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2018-19 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റിംഗ് ഉപദേശകനായിരുന്നു. ത്രിപുര രഞ്ജി ടീമിന് പുറമെ പുരുഷന്‍മാരുടെയും വനിതകളുടേയും അണ്ടര്‍ 15, അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളുടെ മേല്‍നോട്ടവും ലാന്‍സ് ക്ലൂസ്‌നര്‍ വഹിക്കും എന്നാണ് റിപ്പോര്‍ട്ട്. 

ഇപ്പോള്‍ 51 വയസുകാരനായ  ലാന്‍സ് ക്ലൂസ്‌നര്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി 49 ടെസ്റ്റുകളും 171 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1906 റണ്‍സും 80 വിക്കറ്റും ഏകദിനത്തില്‍ 3576 റണ്‍സും 192 വിക്കറ്റും ക്ലൂസ്‌നറുടെ പേരിലുണ്ട്. ക്ലൂസ്‌നര്‍ തന്‍റെ കരിയറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഫിനിഷറായും നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തുന്ന മീഡിയം പേസറായും തിളങ്ങിയിരുന്നു. 

Read more: വീണ്ടും അടിമുടി മാറ്റം! ബ്ലാസ്റ്റേഴ്‌സിന്‍റെ പോക്ക് എങ്ങോട്ട്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!