IPL Retention : ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇന്ന്; സാധ്യതകള്‍ ഇങ്ങനെ

By Web TeamFirst Published Nov 30, 2021, 8:05 AM IST
Highlights

മെഗാ താരലേലലത്തിൽ ഓരോ ടീമിനും 90 കോടി രൂപയാണ് പരമാവധി മുടക്കാവുന്ന തുക

മുംബൈ: ഐപിഎല്ലിൽ(IPL) ഓരോ ടീമുകളും ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന് ഇന്നറിയാം. ഓരോ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ നിലനിർത്താനാണ് അനുമതിയുള്ളത്. ഇന്നുച്ചയ്ക്ക് 12 മണിക്ക് മുൻപ് എല്ലാ ടീമുകളും നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയെന്ന് തീരുമാനിക്കണം. അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ(IPL 2022) പത്ത് ടീമുകളുണ്ട്. 

മെഗാ താരലേലലത്തിൽ ഓരോ ടീമിനും 90 കോടി രൂപയാണ് പരമാവധി മുടക്കാവുന്ന തുക. നാല് താരങ്ങളെ നിലനി‍ർത്തിയാൽ ഇതിൽ നിന്ന് 42 കോടി രൂപ കുറയ്ക്കും. മൂന്ന് താരങ്ങളെയാണ് നിലനി‍ത്തുന്നതെങ്കിൽ 33 കോടി രൂപയും രണ്ടു താരങ്ങൾക്ക് 24 കോടി രൂപയും ഒറ്റത്താരമാണെങ്കിൽ 14 കോടി രൂപയും ആകെ ലേലത്തുകയിൽ നിന്ന് കുറയ്ക്കും. 

നിലനിര്‍ത്തുക ഈ താരങ്ങളെ? 

വിവിധ ടീമുകൾ അടുത്ത സീസണിൽ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ എന്ന് നോക്കാം. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മോയീൻ അലി എന്നിവരെയാണ് നിലനിർത്തുക.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരൈൻ, ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ എന്നിവരെയാണ് നിലനിർത്തുക. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നിവരുടെ കാര്യത്തിൽ മാത്രമേ തീരുമാനം എടുത്തിട്ടുള്ളൂ. ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച് നോർകിയ എന്നിവരെ നിലനി‍ർത്തും.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണേയും സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണേയും നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിരാട് കോലി, ഗ്ലെൻ മാക്സ്‍വെൽ എന്നിവരെ നിലനിർത്തും. പഞ്ചാബ് കിംഗ്സ് ആരുടെ കാര്യത്തിലും ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. അഹമ്മദാബാദും ലക്നൗവുമാണ് അടുത്ത സീസണിലെ പുതിയ ടീമുകൾ. 

IPL 2022 : സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും; ടീം നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

click me!