Asianet News MalayalamAsianet News Malayalam

IPL 2022 : സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും; ടീം നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചു. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജു നായകനായി തുടരും.

IPL 2022 Rajasthan Royals retains Sanju Samson and three more players
Author
Jaipur, First Published Nov 26, 2021, 8:31 AM IST

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ഐപിഎല്ലിലെ (IPL) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ടീമില്‍ തുടരും. സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചു. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജു നായകനായി തുടരും. 2018ലെ താരലേലത്തില്‍ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. 

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ സഞ്ജു ആയിരുന്നു മുന്നില്‍. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ  പിന്തുടരാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. സഞ്ജുവിന് പുറമേ ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരില്‍ മൂന്ന് പേരെ കൂടി രാജസ്ഥാന്‍ നിലനിര്‍ത്തും. ഞായറാഴ്ചയ്ക്കകം തീരുമാനം വ്യക്തമാക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

ചെന്നൈ എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തും. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. അലി തയ്യാറല്ലെങ്കില്‍ സാം കറനെ നിലനിര്‍ത്തും.ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, സ്പിന്നര്‍ അക്സര്‍ പട്ടേല്‍, ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പൃഥ്വി ഷോ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യ എന്നിവരെയാണ് നിലനിര്‍ത്തുക. 

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തും. സൂര്യകുമാര്‍ യാദവിനെ ഒരു പുതിയ ടീം സമീപിച്ചെങ്കിലും താരം മനസ്സ് തുറന്നിട്ടില്ല. ഇഷാന്‍ കിഷനെ നിലനിര്‍ത്താനും മുംബൈക്ക് ആലോചനയുണ്ട്.  സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവരെ കൊല്‍ക്കത്ത നിലനിര്‍ത്തുമെന്നാണ് സൂചന. വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍ എന്നിവരില്‍  രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ നിലനിര്‍ത്തും. 

വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ ആര്‍സിബിയും നിലനിര്‍ത്തും. സണ്‍റൈസേഴ്സ് ഹൈദരാബാദ് റാഷിദ് ഖാനെ നിലനിര്‍ത്തും. കൂടാതെ കെയ്ന്‍ വില്യംസണ്‍ അല്ലെങ്കില്‍ ജോണി  ബെയര്‍സ്റ്റോ എന്നിവരില്‍ ഒരാള്‍കൂടി ടീമില്‍ തുടരും. പഞ്ചാബ് രവി ബിഷ്ണോയ്, മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് നിലനിര്‍ത്തുക.

കെ എല്‍ രാഹുല്‍ പുതിയ ടീമായ ലഖ്നൗവിന്റെ നായകനാകും എന്നുള്ള താണ് മറ്റൊരു വിവരം. ഡേവിഡ് വാര്‍ണറുമായി ടീം ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. ഈ മാസം 30നാണ് താരങ്ങളുടെ പട്ടിക ബിസിസിഐക്ക് നല്‍കേണ്ടത്.

Follow Us:
Download App:
  • android
  • ios