ഐപിഎല്ലില്‍ നിറംമങ്ങിയിട്ടും സ്റ്റെയ്‌നെ തേടി ഭാഗ്യം

By Web TeamFirst Published Nov 22, 2020, 5:58 PM IST
Highlights

ഐപിഎല്‍ പതിമൂന്നാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മിക്ക മത്സരങ്ങളിലും സൈഡ് ബഞ്ചിലായിരുന്നു ഇതിഹാസ പേസറുടെ ഇരിപ്പടം.

കൊളംബോ: ഐപിഎല്ലില്‍ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌നെ ടീമിലെത്തിച്ച് ലങ്ക പ്രീമിയര്‍ ലീഗ്(എല്‍പിഎല്‍) ക്ലബ് കാന്‍ഡി ടസ്‌കേര്‍സ്. മുപ്പത്തിയേഴുകാരനായ സ്റ്റെയ്‌നുമായി കരാറിലെത്തിയ വിവരം ടീം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ സഹോദരന്‍ സൊഹൈലാണ് ടീമിന്‍റെ ഉടമ. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മിക്ക മത്സരങ്ങളിലും സൈഡ് ബഞ്ചിലായിരുന്നു ഇതിഹാസ പേസറുടെ ഇരിപ്പടം. രണ്ട് മത്സരത്തില്‍ മാത്രം അവസരം ലഭിച്ചപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല. 57, 43 റണ്‍സ് വീതം വഴങ്ങുകയും ചെയ്തു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായ സ്റ്റെയ്‌ന്‍ 223 ടി20 മത്സരങ്ങളില്‍ 257 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 699 വിക്കറ്റ് സ്റ്റെയ്‌ന്‍ പേരിലാക്കി. 

അതേസമയം സൂപ്പര്‍ താരങ്ങളുടെ പിന്‍മാറ്റത്തിനിടെ ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ താരമൂല്യം കൂട്ടാന്‍ സ്റ്റെയ്‌ന്‍റെ വരവ് സഹായകമാകും. വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ല്‍, ലങ്കന്‍ ഇതിഹാസം ലസിത് മലിംഗ, ഇംഗ്ലീഷ് താരം ലയാം പ്ലങ്കറ്റ് എന്നിവര്‍ വിവിധ കാരണങ്ങളാല്‍ സീസണില്‍ നിന്ന് പിന്‍മാറിയിരുന്നു. സ്റ്റെയ്‌ന്‍ 27-ാം തീയതിയോടെ ശ്രീലങ്കയിലെത്തിയേക്കാം. 

ലങ്ക പ്രീമീയര്‍ ലീഗ് അടുത്ത വാരം ആരംഭിക്കും. കൊളംബോ, കാന്‍ഡി, ഗോള്‍, ദംബുള്ള, ജാഫ്‌ന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റില്‍ 23 മത്സരങ്ങളാണുള്ളത്. നവംബര്‍ 26ന് കൊളംബോ-കാന്‍ഡി മത്സരത്തോടെയാണ് തുടക്കമാവുക. ഡിസംബര്‍ 16നാണ് കലാശപ്പോര്. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ മത്സരങ്ങള്‍ക്കും മഹിന്ദ രജപക്‌സെ സ്റ്റേഡിയമാണ് വേദി. 

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ഓപ്പണറായി തുടരുമോ? ശ്രദ്ധേയ മറുപടിയുമായി ഹിറ്റ്‌മാന്‍

click me!