ബെംഗളൂരു: ടെസ്റ്റ് ഓപ്പണറുടെ റോളില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി രോഹിത് ശര്‍മ്മ പുറത്തെടുത്തിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സമാന ചുമതലയിലാവുമോ രോഹിത്തിനെ ടീം വിന്യസിക്കുക. പരിക്കിന്‍റെ പിടിയില്‍ നിന്ന് മോചിതനായി വേണം ഹിറ്റ്‌മാന് ഓസ്‌ട്രേലിയയിലെത്താന്‍. ഈ സാഹചര്യത്തില്‍ തന്‍റെ ബാറ്റിംഗ് പൊസിഷന്‍ എവിടെയാകും എന്ന ചോദ്യത്തിന് രോഹിത് മറുപടി നല്‍കി. 

'ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഒരുക്കമാണ്. ഓപ്പണറായുള്ള റോള്‍ അവര്‍ മാറ്റുമോ എന്ന് എനിക്കറിയില്ല. വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ എന്തൊക്കെ ബദല്‍ മാര്‍ഗങ്ങളാണ് മുന്നിലുള്ളത്, ആരൊക്കെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം എന്നീ കാര്യങ്ങളില്‍ ഓസ്‌ട്രേലിയയിലെത്തിയ ടീം ഇതിനകം തീരുമാനങ്ങളെടുത്തിട്ടുണ്ടാവും എന്നാണ് തോന്നുന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്ക് അവിടെ എത്തിയാല്‍ മാത്രമേ ബോധ്യമാകാനിടയുള്ളൂ എന്നും രോഹിത് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കോലിയുടെ അഭാവത്തില്‍ രഹാനെ ഗംഭീരമായി നയിക്കും, ഒരു കാര്യം ശ്രദ്ധിക്കണം: ഹര്‍ഭജന്‍

ഐപിഎല്ലിനിടെ കാല്‍ മസിലിന് പരിക്കേറ്റ രോഹിത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) പരിശീലനത്തിലാണ്. ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് രോഹിത് ടീമിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പരിശീലന മത്സരങ്ങള്‍ കളിക്കാനാകുമോ എന്നത് വ്യക്തവുമല്ല. രോഹിത് 70 ശതമാനം ഫിറ്റ്‌നസുമായാണ് ഐപിഎല്‍ കളിച്ചത് എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. ഓസീസ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലുള്ള പേസര്‍ ഇശാന്ത് ശര്‍മ്മയും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്. 


ആദ്യ ടെസ്റ്റിന് ശേഷം നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതോടെ പരമ്പരയില്‍ നിര്‍ണായക ചുമതലയാവും രോഹിത് ശര്‍മ്മയ്‌ക്ക്. ടെസ്റ്റ് ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ശേഷം ആദ്യ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി ചരിത്രമെഴുതിയ രോഹിത് ശര്‍മ്മയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. 

സുനില്‍ ഗവാസ്കര്‍ മകനെ കണ്ടത് മാസങ്ങള്‍ക്ക് ശേഷം; കോലിയുടെ പിതൃത്വ അവധിയേക്കുറിച്ച് കപില്‍ ദേവ്