
കാലിഫോര്‍ണിയ: മേജര്‍ ലീഗ് ക്രിക്കറ്റില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെ എംഐ ന്യൂയോര്‍ക്കിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ ഓര്‍ക്കാസ് കെയ്ല്‍ മയേഴ്സിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ എം ഐ ന്യൂയോര്‍ക്ക് 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
50 പന്തില്‍ 93 റണ്‍സടിച്ച ഓപ്പണര്‍ മൊനാക് പട്ടേലും 35 പന്തില്‍ 50 റണ്‍സടിച്ച മൈക്കല്‍ ബ്രേസ്‌വെല്ലും 10 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്ന കെയ്റോണ്‍ പൊള്ളാര്‍ഡുമാണ് എംഐ ന്യൂയോര്‍ക്കിന്‍റെ വിജയം അനായാസമാക്കിയത്. ക്വിന്‍റണ്‍ ഡികോക്ക് 13 പന്തില്‍ 14 റൺസെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ നിക്കോളാസ് പുരാന് ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങി. അവസാന മൂന്നോവറില്‍ 40 റണ്‍സായിരുന്നു എം ഐ ന്യൂയോര്‍ക്കിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കെയ്ല്‍ മയേഴ്സ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ബ്രേസ്‌വെല്‍ 19 റണ്‍സടിച്ചപ്പോള്‍ ഒബേദ് മക്കോയ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പൊള്ളാര്‍ഡും മയേഴ്സും ചേര്‍ന്ന് 23 റണ്‍സടിച്ച് എംഐയുടെ വിജയം അനായാസമാക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ ഓര്‍ക്കാസിനായി ഓപ്പണര്‍ ഷയാന്‍ ജഹാംഗീര്‍ 34 പന്തില്‍ 43 റണ്‍സടിച്ചപ്പോൾ നാലാമനായി ക്രീസിലറങ്ങിയ കെയ്ല്‍ മയേഴ്സ് 46 പന്തില്‍ 88 റണ്‍സെടുത്തു. ക്യാപ്റ്റൻ ഹെന്‍റിച്ച് ക്ലാസന്‍ 11 പന്തില്‍ 27 റണ്‍സുമായും ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 9 പന്തില്‍ 21 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. എം ഐക്കായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ടും ബ്രേസ്‌വെല്ലും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എംഐയുടെ ടൂര്‍ണമെന്‍റെിലെ ആദ്യ ജയമാണിത്. മൂന്ന് കളികളും ജയിച്ച സാന്‍ഫ്രാന്‍സിസ്കോ യുണിക്കോൺസ് ഒന്നാമതും മൂന്ന് ജയമുളള ടെക്സാസ് സൂപ്പര്‍ കിംഗ്സ് രണ്ടാമതുമാണ്. മൂന്ന് കളികളും തോറ്റ സിയാറ്റില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ലോസാഞ്ചല്‍സ് നൈറ്റ് റൈഡേഴ്സ് ആണ് അവസാന സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക