
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ഓസ്ട്രേലിയ അടിയറവ് പറഞ്ഞതിന് പിന്നാലെ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മിച്ചല്‍ ജോൺസണ്‍. ഐപിഎല്ലില്‍ കളിക്കാനായി ഹേസല്‍വുഡ് രണ്ടാമതും ഇന്ത്യയിലേക്ക് പോയത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തയാറെടുപ്പുകളെ ബാധിച്ചുവെന്നും മിച്ചല്‍ ജോണ്‍സൺ വെസ്റ്റ് ഓസ്ട്രേലിയനില്‍ എഴുതിയ കോളത്തില്‍ പറഞ്ഞു. ഐപിഎല്ലില്‍ ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ രണ്ട് വിക്കറ്റ് മാത്രമാണ് ഹേസല്‍വുഡിന് നേടാനായത്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹേസല്‍വുഡിനെതിരെ കര്‍ശന അച്ചടക്ക നടപടിയെടുക്കണമെന്നും ഇത്തരം കളിക്കാരെ ടീമിലേക്ക് തെരഞ്ഞെടുക്കരുതെന്നും മിച്ചല്‍ ജോൺസൺ ആവശ്യപ്പെട്ടു. ഹേസല്‍വുഡിന്‍റെ ഫിറ്റ്നെസിനെക്കുറിച്ച് സമീപകാലത്ത് ആശങ്ക ഉയര്‍ന്നിരുന്നു. എന്നിട്ടും ദേശീയ ടീമിനായി കളിക്കാനുള്ള തയാറെടുപ്പുകളുടെ ഭാഗമാകാതെ ഐപിഎല്ലില്‍ കളിക്കാനാണ് ഹേസല്‍വുഡ് തയാറായത്. ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.
ഓസീസ് ബൗളിംഗ് സംഘത്തിലെ ബിഗ് ഫോറായ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, നഥാന്‍ നിയോണ്‍ എന്നിവരില്‍ ആരായാലും അവര്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പാണെന്ന് കരുതരുത്. ആഷസിലൂടെ യാത്രയയപ്പ് ലഭിക്കാന്‍ വേണ്ടി മാത്രമാണോ ചിലരൊക്കെ ടീമില്‍ തുടരുന്നത് എന്നാണ് സംശയം. ഇതാണ് ഇവരുടെ മനോഭാവമെങ്കില്‍ അടുത്ത തലമുറയിലേക്ക് സെലക്ടര്‍മാര്‍ നോട്ടമെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സാം കോണ്‍സ്റ്റാസിനെയും ജോഷ് ഇംഗ്ലിസിനെയും സ്കോട് ബോളണ്ടിനെയും പോലുള്ള താരങ്ങള്‍ക്ക് ഇനിയെങ്കിലും കാര്യമായി അവസരം നല്‍കണം. 36 വയസായെങ്കിലും ദേശീയ ടീമിനോടുള്ള ബോളണ്ടിന്‍റെ മനോഭാവം മറ്റു താരങ്ങളുടേത് പോലെയല്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ അവരുടെ മികവ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നവരാണ്. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനം ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഉചിതമായ സമയമാണ്.
അര്‍ഹതയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഈ പരമ്പരയിലെങ്കിലും സെലക്ടര്‍മാര്‍ തയാറാവണം. സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതോടെ പുതിയൊരു താരത്തെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്നും ലാബുഷെയ്നിന് പകരം മറ്റൊരു താരത്തെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാനും അവസരമുണ്ടെന്നും ജോൺസണ്‍ പറഞ്ഞു.