
റാഞ്ചി: സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍. രോഹിത്തിന്റെയും കോലിയുടെയും സാന്നിധ്യം എതിര്‍ ടീമിന് മേല്‍ ഇന്ത്യക്ക് മാനസികമായ മുന്‍തൂക്കം നല്‍കുമെന്നും മോര്‍കല്‍ പറഞ്ഞു. പകരം വയ്ക്കാനാവാത്ത താരങ്ങളാണ് കോലിയും രോഹിത്തും. ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണെങ്കില്‍ ഇരുവരേയും അടുത്ത ലോകകപ്പില്‍ കളിപ്പിക്കണം.
എതിരാളികളെ നിഷ്പ്രഭരാക്കാന്‍ കോലിക്കും രോഹിത്തിനും കഴിയും. കളിച്ചിരുന്ന കാലത്ത് തനിക്ക് ഏറ്റവും വലിയ വെല്ലുവിളിയായ താരങ്ങളാണ് ഇരുവരും. ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം കോലിയും രോഹിത്തും നടത്തുമെന്നാണ് എന്റെ പ്രതീക്ഷയെന്നും മോര്‍ണി മോര്‍കല്‍ പറഞ്ഞു. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ പരിക്കിനെ കുറിച്ചുള്ള പുതിയ വിവരവും മോര്‍ക്കല്‍ പങ്കുവച്ചു.
രണ്ട് ദിവസം മുമ്പ് ശുഭ്മാന്‍ ഗില്ലുമായി സംസാരിച്ചതായും കഴുത്തിന് പരിക്കേറ്റതില്‍ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് മോര്‍ക്കല്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ ശ്രേയസ് അയ്യര്‍ പുനരധിവാസം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കുന്നില്ല. പരമ്പര തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അദ്ദേഹം പരിക്കിനെ കുറിച്ച് അപ്ഡേറ്റ് നല്‍കിയത്. ഇരുവരും നന്നായി പുരോഗമിക്കുന്നുണ്ടെന്നും മുഴുവന്‍ മാനേജ്‌മെന്റും അവരെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായ ഗില്ലിന് കഴുത്തിന് പരിക്കേല്‍ക്കുകയായിരുന്നു. വെറും മൂന്ന് പന്തുകള്‍ നേരിട്ടതിന് ശേഷം, സൈമണ്‍ ഹാര്‍മറുടെ ബൗളിംഗില്‍ ഒരു സ്വീപ്പ് ഷോട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിന് കഴുത്തിന് വേദന അനുഭവപ്പെടുകയായിരുന്നു.