ക്രീസിലെത്തി തകർത്തടിച്ചിട്ടും ധോണിയെ പൊരിച്ച് മുൻ താരങ്ങൾ; ഒമ്പതാമനായി ബാറ്റിംഗിന് ഇറങ്ങിയതിനെതിരെ വിമര്‍ശനം

Published : Mar 29, 2025, 09:07 AM IST
ക്രീസിലെത്തി തകർത്തടിച്ചിട്ടും ധോണിയെ പൊരിച്ച് മുൻ താരങ്ങൾ; ഒമ്പതാമനായി ബാറ്റിംഗിന് ഇറങ്ങിയതിനെതിരെ വിമര്‍ശനം

Synopsis

16 പന്തില്‍ 30 റൺസുമായി പുറത്താകാതെ നിന്ന ധോണിയുടെ ഇന്നിംഗ്സ് ചെന്നൈയുടെ തോല്‍വിഭാരം കുറച്ചുവെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ അശ്വിനുംശേഷം ക്രീസിലെത്തിയതാണ് രൂക്ഷവിമര്‍ശനത്തിന് കാരണമായത്.

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മുന്‍ നായകന്‍ എം എസ് ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനുംശേഷമാണ് ഇന്നലെ ആര്‍സിബിക്കെതിരെ ധോണി ക്രീസിലെത്തിയത്. ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ചു നേരത്തെ ആയിപ്പോയില്ലെ എന്നായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണം. സാധാരണ 19-ാം ഓവറില്‍ ഇറങ്ങേണ്ടയാള്‍ പതിനേഴാം ഓവറില്‍ ഇറങ്ങിയില്ലെ എന്നും സെവാഗ് ചോദിച്ചു.

16 പന്തില്‍ 30 റൺസുമായി പുറത്താകാതെ നിന്ന ധോണിയുടെ ഇന്നിംഗ്സ് ചെന്നൈയുടെ തോല്‍വിഭാരം കുറച്ചുവെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ അശ്വിനുംശേഷം ക്രീസിലെത്തിയതാണ് രൂക്ഷവിമര്‍ശനത്തിന് കാരണമായത്. ചെന്നൈ ഇന്നിംഗ്സില്‍ ഏറ്റവും മികച്ച 187.50 പ്രഹരശേഷിയുള്ള ഇന്നിംഗ്സും ഒമ്പതാമനായി ഇറങ്ങിയ ധോണിയുടേത് ആയിരുന്നു. ധോണി ഒമ്പതാമനായി ക്രീസിലിറങ്ങുന്നതിനെ ഒരിക്കലും അനുകൂലിക്കാനാവില്ലെന്ന് മുന്‍ ചെന്നൈ താരം ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. ധോണി ഒമ്പതാമനായി ക്രീസിലെത്തുന്നത് ടീമിന് ഒരിക്കലും ഗുണകരമല്ലെന്നും പത്താന്‍ പറഞ്ഞു.

ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെ മുന്‍ സിഎസ്കെ താരം റോബിന്‍ ഉത്തപ്പയും വിമര്‍ശിച്ചു. ഇന്നലെ ചെന്നൈക്കെതിരെ അവരുടെ കോട്ടയില്‍ ആര്‍സിബി നേടിയത് നിര്‍ണായക വിജയമാണെന്നും ഈ സീസണില്‍ അത് ആര്‍സിബിക്ക് വലിയ ഊര്‍ജ്ജമാകുമെന്നും ഉത്തപ്പ പറഞ്ഞു.  ധോണി ചെന്നൈക്കായി ഒമ്പതാം നമ്പറില്‍ ക്രീസിലെത്തുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നും കുറച്ചുകൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റെങ്കിലും മെച്ചപ്പെടുമായിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു.

ധോണി ക്രീസിലെത്തി സിക്സ് പറത്തുന്നത് കാണാനാണ് ചെന്നൈ ആരാധകര്‍ ആഗ്രഹിക്കുന്നത്.അതിനൊപ്പം ചെന്നൈ ജയിക്കുന്നതും. ഇന്നലെ ആര്‍സിബിക്കെതിരെ ധോണി പുറത്തെടുത്ത പ്രകടനം കാണുമ്പോള്‍ അദ്ദേഹത്തെ എന്തുകൊണ്ട് നേരത്തെ ഇറക്കിക്കൂടാ എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും അശ്വിനും ശേഷം ധോണി ഇറങ്ങുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് മുന്‍ താരം ആകാശ് ചോപ്രയും പ്രതികരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു