'ജൂനിയര്‍ സ്റ്റെയ്‌ന്‍' എന്നറിയപ്പെട്ടിരുന്ന മുംബൈ പേസര്‍ മരിച്ച നിലയില്‍

By Web TeamFirst Published Aug 12, 2020, 7:01 PM IST
Highlights

ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌നുമായുള്ള ആക്ഷന്‍ സാമ്യത കൊണ്ട് മുംബൈയിലെ ക്ലബ് ക്രിക്കറ്റ് വേദികളില്‍ ജൂനിയര്‍ സ്റ്റെയ്‌ന്‍ എന്നാണ് കരണ്‍ തിവാരി അറിയപ്പെട്ടിരുന്നത്

മുംബൈ: മുംബൈയിലെ ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ 'ജൂനിയര്‍ സ്റ്റെയ്‌ന്‍' എന്നറിയപ്പെട്ടിരുന്ന യുവ പേസര്‍ കരണ്‍ തിവാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിയേഴുകാരനായ താരം ആത്മഹത്യ ചെയ്‌തതാണ് എന്നാണ് പ്രാഥമിക നിഗമനം. കരിയറില്‍ ഉയരങ്ങളിലെത്താതെ പോയതില്‍ താരം മാനസിക വിഷമവും ഡിപ്രഷനും അനുഭവിച്ചിരുന്നതായാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. 

മലാഡിലെ വീട്ടില്‍ അമ്മയ്‌ക്കും സഹോദരനുമൊപ്പമായിരുന്നു കരണ്‍ തിവാരി താമസിച്ചിരുന്നത്. മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വീട്ടില്‍നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസിന് കണ്ടെത്താനായിട്ടില്ല. 

ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌നുമായുള്ള ആക്ഷന്‍ സാമ്യത കൊണ്ടാണ് മുംബൈയിലെ ക്ലബ് ക്രിക്കറ്റ് വേദികളില്‍ ജൂനിയര്‍ സ്റ്റെയ്‌ന്‍ എന്ന് കരണ്‍ തിവാരി അറിയപ്പെട്ടിരുന്നത്. എന്നാല്‍ മുംബൈ സീനിയര്‍ ടീമില്‍ പോലും ഇടംപിടിക്കാന്‍ താരത്തിനായില്ല. ടീമിനായി നിരവധി വര്‍ഷങ്ങളായി നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു കരണ്‍ തിവാരി. 

ഐപിഎല്ലില്‍ അവസരം കിട്ടാത്തതിലും താരം മാനസിക വിഷമം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കരണ്‍ അവസരങ്ങള്‍ കുറഞ്ഞതിനെയും മാനസിക സംഘര്‍ഷങ്ങളെയും കുറിച്ച് രാജസ്ഥാനിലെ ഒരു സുഹൃത്തുമായി മരണത്തിന് മുമ്പ് ഫോണിലൂടെ സംസാരിച്ചതായും പൊലീസ് പറയുന്നു. 

ഐപിഎല്‍ 2020: സിവ ധോണിയുടെ കുസൃതി ആരാധകര്‍ക്ക് കാണാനാവില്ല!

രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചു

click me!