ജയ്പൂര്‍: രാജസ്ഥാന്‍ ഫീല്‍ഡിങ് പരിശീലകന്‍ ദിശന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ സ്വദേശമായ ഉദയ്പൂരിലാണ് രാജസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍കൂടിയായ യാഗ്നിക്ക് പരിശോധന നടത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി തന്നെയാണ് പരിശീലകന് കൊറോണ വൈറസ് ഉള്ള കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹം താരങ്ങളുമായി ബന്ധം പുലര്‍ത്തിയിട്ടില്ല. താരങ്ങളുടെ എല്ലാം കൊറോണ വൈറസ് ഫലം നെഗറ്റീവ് ആണെന്നും രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു. ബിസിസിഐയുട ചട്ടപ്രകാരം യാഗ്നിക്ക് 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 

പിന്നിടൂള്ള രണ്ട് കൊവിഡ് ടെസ്റ്റുകള്‍കൂടി നെഗറ്റീവായാല്‍ മാത്രമെ അദ്ദേഹത്തിന് ടീമിനൊപ്പം യുഎഇയിലേക്ക് പോവാന്‍ സാധിക്കൂ. യുഎഇയിലും മൂന്ന് ടെസ്റ്റുകളുണ്ട്. ഇവയും നെഗറ്റീവായാല്‍ മാത്രമെ ടീമിനൊപ്പം തുടരാനാവൂ.